സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (സച്ചിദാനന്ദന്‍) അന്തരിച്ചു. സര്‍ജറിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ നടത്തിയിരുന്നു. ആദ്യ സര്‍ജറി വിജയകരമായിരുന്നു എങ്കിലും രണ്ടാമത്തെ സര്‍ജറി ചെയ്യാന്‍ വേണ്ടി അദ്ദേഹത്തിന് അനസ്തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വേറൊരു ആശുപത്രിയില്‍ വെച്ചുളള സര്‍ജറിക്കിടെയാണ് സച്ചിക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇതിന് ശേഷമാണ് തൃശൂര്‍ ജൂബിലിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനവും രണ്ടുദിവസമായി കുഴപ്പത്തിലായിരുന്നു.
തുടരെ രണ്ട് ഹിറ്റുകളാണ് സച്ചി മലയാള സിനിമയ്ക്ക് നല്‍കിയത്. പൃഥ്വിരാജും ബിജുമേനോനും തകര്‍ത്ത് അഭിനയിച്ച അയ്യപ്പനും കോശിയും എന്ന സിനിമയുടെ സംവിധായകന്‍ സച്ചിയായിരുന്നു. ഇതിന്റെ തിരക്കഥയും സച്ചിയുടേതാണ്. അയ്യപ്പനും കോശിയും ബോക്സ് ഓഫിസ് ഹിറ്റായതിനെ തുടര്‍ന്ന് നിരവധി ഭാഷകളിലേക്ക് ചിത്രീകരിക്കാന്‍ ഒരുങ്ങുകയാണ്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് ചിത്രമായ ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ തിരക്കഥയും സച്ചിയുടേതാണ്. അടുത്തടുത്താണ് രണ്ട് ചിത്രങ്ങളും തിയറ്ററില്‍ എത്തിയതും വിജയിച്ചതും.
ചോക്ലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി എത്തിയ അദ്ദേഹം ‘റണ്‍ ബേബി റണ്‍’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രമായി തിരക്കഥ എഴുതി തുടങ്ങിയത്. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തു. റോബിന്‍ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്സ്, രാംലീല, ഷെര്‍ലക് ടോംസ് എന്നീ ചിത്രങ്ങളുടെയും തിരക്കഥാകൃത്താണ് സച്ചി.
കെ ആര്‍ സച്ചിദാനന്ദന്‍ എന്നാണ് സച്ചിയുടെ മുഴുവന്‍ പേര്. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് സച്ചി ജനിച്ച് വളര്‍ന്നത്. കോളേജ് പഠനകാലത്ത് കോളേജ് ഫിലിം സൊസൈറ്റിയിലും നാടകത്തിലും സച്ചി സജീവമായിരുന്നു. നിരവധി നാടകങ്ങളുടെ സംവിധാനവും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്..