തിരുവനന്തപുരം: പൂന്തുറ, മാണിക്ക്യവിളാകം, പുത്തന്‍പള്ളി എന്നീ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ക്വിക്ക് റെസ്പോണ്‍സ് ടീം രൂപീകരിച്ചു. തിരുവനന്തപുരം തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ, പോലീസ്, ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് കോവിഡ് ക്വിക്ക് റെസ്പോണ്‍സ് ടീം.
ക്രമസമാധാനം പൊലീസ് ഉറപ്പ് വരുത്തും. മരുന്നുകള്‍, പരിശോധന സംവിധാനങ്ങള്‍, ഭക്ഷ്യവസ്തുക്കളുടെ ലഭ്യത, പരിശോധന സംവിധാനം എല്ലായിടത്തും എത്തിക്കാന്‍ മൊബൈല്‍ യൂണിറ്റ്, എന്നിവയുടെ എല്ലാം ഏകോപന ചുതമല ഈ ടീമിന് ആയിരിക്കും.
ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളായതിനാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ തെരുവിലിറങ്ങുന്നത് കര്‍ശനമായി നിയന്ത്രിക്കും.
ഏതെങ്കിലും തരത്തിലുള്ള താല്‍പര്യങ്ങള്‍ വച്ച് കൊണ്ട് പ്രദേശത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കായിരിക്കും പ്രദേശം കൂടുതല്‍ അപകടാവസ്ഥയിലേക്ക് പോയാലുള്ള പൂര്‍ണ്ണ ഉത്തരാവദിത്വമെന്ന് കോര്‍പറേഷന്‍ മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു.
നിയന്ത്രണങ്ങള്‍ പാലിക്കുന്നതോടൊപ്പം തന്നെ രോഗം തിരിച്ചറിയുന്നതിനായി നടത്തുന്ന പരിശോധനകളോടും പ്രദേശത്തെ ജനങ്ങള്‍ സഹകരിക്കണമെന്നും കോര്‍പറേഷന്‍ മേയര്‍ ആവശ്യപ്പെട്ടു.
മത, രാഷ്ട്രീയ, സാമുദായിക നേതാക്കന്മാരുടെ പിന്തുണയും മേയര്‍ അഭ്യര്‍ത്ഥിച്ചു. രോഗം ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്ത പൂന്തുറ, പുത്തന്‍പള്ളി, മണിക്യവിളാകം വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആളുകള്‍ക്ക് കൈ കഴുകുന്നതിനായി കൂടുതല്‍ ബ്രേക്ക് ദി ചെയിന്‍ പോയിന്റുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ സ്ഥാപിക്കും. ഓരോ വര്‍ഡുകള്‍ക്കുമായും 25000 മാസ്‌ക്കുകള്‍ കൂടി നഗരസഭ വിതരണം ചെയ്യുമെന്നും. എന്‍ 95 മാസ്കാണ് വിതരണം ചെയ്യുന്നത്.