ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്ന മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ കെ.എല്‍ രാഹുലാവും നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങള്‍. നിലവിലെ ഫോം വെച്ച് റിഷഭ് പന്തിനേക്കാള്‍ നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ കെ.എല്‍ രാഹുലാണ് മികച്ചതെന്നും മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ നയന്‍ മോംഗിയ അഭിപ്രായപ്പെട്ടു.അതെ സമയം ടി20 ഇലവനില്‍ കെ.എല്‍ രാഹുലിനും റിഷഭ് പന്തിനും അവസരം നല്‍കാമെന്നും എന്നാല്‍ കെ.എല്‍ രാഹുലാണ് നിലവിലെ ഫോമില്‍ മികച്ച വിക്കറ്റ് കീപ്പര്‍ എന്നും ദീപ് ദാസ്ഗുപ്ത പറഞ്ഞു.
ഏകദിനത്തില്‍ കെ.എല്‍ രാഹുലിനോട് ചോദിച്ചതിന് ശേഷം മാത്രം താരത്തെ വിക്കറ്റ് കീപ്പറാക്കിയാല്‍ മതിയെന്നും ദീപ് ദാസ്ഗുപ്ത പറഞ്ഞു.മുന്‍ ചീഫ് സെലെക്ടര്‍ കൂടിയായ എം.എസ്.കെ പ്രസാദും ടി20യില്‍ കെ.എല്‍ രാഹുലാണ് നിലവിലെ ഫോമില്‍ മികച്ച താരമെന്ന് അഭിപ്രായപ്പെട്ടു. ന്യൂസിലാന്‍ഡ് പര്യടനത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ കെ.എല്‍ രാഹുല്‍ ആണ് ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറെന്നും സഞ്ജു സാംസണ്‍ ഇന്ത്യയുടെ മൂന്നാമത്തെ വിക്കറ്റ് കീപ്പറാണെന്നും എം.എസ്.കെ പ്രസാദ് പറഞ്ഞു. ധോണിയുമായുള്ള നിരന്തരമായ താരതമ്യം റിഷഭ് പന്തിനെ ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ ധോണി വിരമിച്ചതോടെ റിഷഭ് പന്തിന് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാമെന്നും എം.എസ്.കെ പ്രസാദ് പറഞ്ഞു.