ആദ്യം രക്ഷിച്ചത് ആലപ്പുഴ ജില്ലയിലെ ലോനന്‍ വര്‍ക്കിയെ
‘തിരുവനന്തപുരം: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ ‘കനിവ്108’ലെ (Kerala Ambulance Network for Indisposed Victims) ആദ്യഘട്ടത്തിലെ 101 ആംബുലന്‍സുകള്‍ ബുധനാഴ്ച രാത്രി 12 മണി മുതല്‍ ഓടിത്തുടങ്ങി. ആദ്യദിനത്തില്‍ മികച്ച രക്ഷാപ്രവര്‍ത്തനമാണ് നടത്താന്‍ സാധിച്ചത്. തിരുവനന്തപുരം 28, കൊല്ലം 10, ആലപ്പുഴ 18, പത്തനംതിട്ട 15, എറണാകുളം 15, കോട്ടയം 8, ഇടുക്കി 7 എന്ന കണക്കിലാണ് ആംബുലന്‍സുകള്‍ ആദ്യഘട്ടത്തില്‍ വിന്യസിച്ചിട്ടുള്ളത്. തിരുവനന്തപുരവും ആലപ്പുഴയും ഒഴികെയുള്ള ജില്ലകളില്‍ 108 ആംബുലന്‍സുകള്‍ ആദ്യമായാണ് ഓടിത്തുടങ്ങിയത്. അതിനാല്‍ തന്നെ ആ ജില്ലക്കാര്‍ വളരെ ആകാംക്ഷയോടെയാണ് കനിവ് 108നെ വരവേറ്റത്.
ആദ്യദിനം 40 പേരെയാണ് കനിവ് 108ലൂടെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കാനായത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുട്ടംചര്‍ച്ച് റോഡ് എന്ന സ്ഥലത്തു നിന്നാണ് ബുധനാഴ്ച അതിരാവിലെ 12.50ന് 108ലേക്ക് ആദ്യ വിളിയെത്തിയത്. ലോനന്‍ വര്‍ക്കി എന്നയാള്‍ തലചുറ്റി വീണ് ബോധം നഷ്ടപ്പെട്ടന്നാണ് കോള്‍സെന്ററില്‍ വിളിച്ചയാള്‍ പറഞ്ഞത്. കോള്‍ സെന്ററിലെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട തൊട്ടടുത്തുണ്ടായിരുന്ന ആംബുലന്‍സിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ ആബുലന്‍സ് സ്ഥലത്തെത്തുകയും ആംബുലന്‍സിലുണ്ടായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ പ്രഥമ ശ്രുശ്രൂക്ഷ നല്‍കി രോഗിയുടെ വിവരം കോള്‍ സെന്ററില്‍ അറിയിച്ചു. തുടര്‍ന്ന് തൊട്ടടുത്തുള്ള ചേര്‍ത്തല താലൂക്ക് ആശുപത്രിയെ വിവരം അറിയിക്കുകയും രോഗിയെ അവിടെ എത്തിക്കുകയും ചെയ്തു.
ആദ്യ ദിനം ഏറ്റവും കൂടുതല്‍ സേവനം തേടിയത് തിരുവനന്തപുരം ജില്ലയും ഏറ്റവും കുറവ് സേവനം തേടിയത് ഇടുക്കി ജില്ലയുമാണ്. 108നെ പറ്റിയുള്ള അറിവ് എല്ലാവരിലുമെത്താത്തതാണ് ആദ്യദിനം എണ്ണം കുറയാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.
അടിയന്തര വൈദ്യസഹായത്തിന് വേണ്ടിയുള്ളതാണ് കനിവ് 108ന്റെ സേവനങ്ങളെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആക്‌സിഡന്റ് കേസുകള്‍ക്കാണ് കനിവ് 108 പ്രഥമ പരിഗണ നല്‍കുന്നത്. അതുകഴിഞ്ഞ് മെഡിക്കല്‍ എമര്‍ജന്‍സിക്കാണ് പ്രാധാന്യം നല്‍കുന്നത്. ഗര്‍ഭിണികളെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനും സേവനം ഉപയോഗിക്കാം. ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഒരാശുപത്രിയില്‍ നിന്നും മറ്റൊരാശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായുള്ള ഇന്റര്‍ ഫെസിലിറ്റി ട്രാന്‍സ്‌പോര്‍ട്ട് (ഐ.എഫ്.ടി.) സേവനവും നല്‍കുന്നതാണ്. ഇതിനായി ഡോക്ടറോ ഡോക്ടര്‍ ചുമതലപ്പെടുത്തിയ ആശുപത്രി ജീവനക്കാരനോ 108ല്‍ വിളിക്കേണ്ടതാണ്. വിലപ്പെട്ട ജിവനുകള്‍ രക്ഷിക്കാന്‍ കനിവ് 108ന്റെ സേവനങ്ങളെപ്പറ്റിയുള്ള അറിവ് എല്ലാവരിലുമെത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യദിനം പല സംശയങ്ങളും നിര്‍ദേശങ്ങളും നല്‍കിക്കൊണ്ടുള്ളതായിരുന്നു കോള്‍സെന്ററിലേക്ക് വിളിച്ച ഫോണ്‍ വിളികളില്‍ പലതും. 108 ആംബുലന്‍സിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനും അപകടത്തില്‍പ്പെട്ടവരെ കാണാതെ പോകാതിക്കാനുമുള്ള അവബോധം നടത്തണമെന്നാണ് ഒരാള്‍ നിര്‍ദേശം മുന്നോട്ട് വച്ചത്. ആംബുലന്‍സ് സേവനങ്ങളുടെ ഗുണനിലവാരത്തെ സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നതിന് 1800 599 22 70 എന്ന സൗജന്യ ടോള്‍ഫ്രീ നമ്പരിന്റെ സേവനം ലഭ്യമാണ്.