തിരുവനന്തപുരം: സ്പെഷ്യൽ ട്യൂഷനുണ്ടെന്നറിയിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ ട്യൂഷൻ സെന്ററിൽ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച സർക്കാർ ജീവനക്കാരനായ അദ്ധ്യാപകൻ അറസ്റ്റിൽ. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള നന്ദൻകോട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രൊജക്ട് ഡയറക്ടേറ്റിൽ ക്ലാർക്കായ മണക്കാട് അമ്പലത്തറ കോവിലുവിളാകം വീട്ടിൽ മനോജിനെയാണ് (മനു, 38) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. മണക്കാട് ചിറമുക്കിൽ മനോജ് നടത്തുന്ന ‘എഡ്യൂ മാസ്റ്റേഴ്സ് അക്കാഡമി”യിൽ ട്യൂഷനെത്തിയ വിദ്യാർത്ഥിനിയെയാണ് പീഡിപ്പിച്ചത്. മനോജിന്റെ ഭാര്യ ശാലിനി ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് പീഡനവിവരം പുറത്തായത്. മനോജിന് മറ്റു സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടായിരുന്നത് ശാലിനി ചോദ്യം ചെയ്തിരുന്നതായും ഇതിനെ സംബന്ധിച്ച് മനോജ് ശാലിനിയുമായി വഴക്കുണ്ടാക്കിയതിന്റെ മനോവിഷമത്തിലാണ് ശാലിനി ആത്മഹത്യ ചെയ്തതെന്നും പൊലീസ് കണ്ടെത്തി.
വിദ്യാർത്ഥിനികളെ പ്രലോഭിപ്പിച്ച് മനോജ് മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ എടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഈ ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രായപൂർത്തിയാകാത്ത ട്യൂഷൻ വിദ്യാർത്ഥിനി പീഡനത്തിനിരയായതായി കണ്ടെത്തിയത്. ഈ ചിത്രങ്ങൾ മനോജിന്റെ ഭാര്യ നേരത്തെ കാണാനിടയായതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ശാലിനിയുടെ ആത്മഹത്യയെത്തുടർന്ന് മനോജ് ഒളിവിലായിരുന്നു. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ പ്രതാപൻ നായരുടെ നിർദേശപ്രകാരം ഇൻസ്‌പെക്ടർ എ.കെ.ഷെറി, സബ് ഇൻസ്‌പെക്ടർ എസ്. വിമൽ, അസി.സബ് ഇൻസ്‌പെക്ടർ എം.മുഹമ്മദലി, സിവിൽ പൊലീസ് ഓഫീസർ സമോജ് എന്നിർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.