കിളിമാനൂർ: ടാർ ഇളകി പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ ബസ് വേ, കോൺക്രീറ്റ് ഇളകി ഏതും നിമിഷവും തലയിൽ പതിക്കാൻ പാകത്തിലുള്ള കംഫർട്ട് സ്റ്റേഷൻ, മഴയത്ത് റോഡ് നിറഞ്ഞൊഴുകുന്ന മാലിന്യങ്ങൾ… ഇതെല്ലാം കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കാഴ്ചകളാണ്. തിരുവനന്തപുരം – കൊട്ടാരക്കര റൂട്ടിലെ പ്രധാന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ ഒന്നാണ് കിളിമാനൂരിലേത്. ദിവസേന 70 ഓളം സർവീസുകൾ ആരംഭിക്കുകയും മുനൂറോളം ജീവനക്കാർ ഉള്ളതുമായ ഇവിടെ പരിമിതികളേ ഉള്ളൂവെന്നാണ് യാത്രക്കാരുടെ പരാതി. യാത്രക്കാരായ പുരുഷൻമാർക്കും ജീവനക്കാർക്കുമായുള്ള മൂത്രപ്പുര ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. മാത്രമല്ല ഇവിടെ നിന്നുള്ള മാലിന്യങ്ങൾ റോഡിലേക്ക് ഒഴുകുന്നതും പതിവ് കാഴ്ചയാണ്. കൂടാതെ ഇതിന് സമീപത്തു തന്നെയാണ് സ്റ്റാൻഡിലെ മുഴുവൻ മാലിന്യങ്ങളും കൊണ്ടിട്ട് കത്തിക്കുന്നത്. അതിനാൽ ഇതിന് സമീപത്തെ കൺസെഷൻ ഓഫീസിലെത്തുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ദുരിതം അനുഭവിക്കുകയാണ്. കോടികൾ മുടക്കി മിനി ഷോപ്പിംഗ് കോംപ്ലക്സ് ഉൾപ്പെടെ കെട്ടിടം സ്ഥാപിച്ചെങ്കിലും അശാസ്ത്രീയമായ നിർമാണം കാരണം യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. വരുന്ന ബസുകളുടെ ബോർഡ് കാണണമെങ്കിൽ റോഡിൽ ഇറങ്ങി നോക്കേണ്ട സ്ഥിതിയാണുള്ളത്. ഇത് മഴക്കാലത്ത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. പൊട്ടിപ്പൊളിഞ്ഞ സ്റ്റാൻഡിനകം വൃത്തിയാക്കി ജലസൗകര്യത്തോടെ ആധുനിക രീതിയിൽ ഒരു കംഫർട്ട് സ്റ്റേഷൻ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.