മഹേഷ് കുമാർ -സ്വന്തം ലേഖകൻ
തിരുവനന്തപുരം : വെഞ്ഞാറമൂട് കോവിഡ് സ്ഥിരീകരിച്ചയാൾക്ക് അന്തർ സംസ്ഥാന വ്യാജ വാറ്റു സംഘവുമായി ബന്ധമെന്ന് പോലീസ് .ഇയാൾ ചാരായം വാങ്ങാൻ തമിഴ് നാട്ടിൽ പോയിരുന്നതായും .മദ്യം വാങ്ങാനുള്ള യാത്രയ്ക്കിടെ തമിഴ്നാട്ടിലെ സമ്പർക്കത്തിൽ നിന്നാകാം ഇയാൾക്ക് രോഗബാധയുണ്ടായതെന്നാണ് ഇപ്പോഴത്തെ നിഗമനം. തമിഴ്നാട്ടിൽ എവിടെയാണ് മദ്യം വാങ്ങാൻ പോയതെന്നും മടങ്ങിവരുന്നതിനിടെ ആരുമായൊക്കെ സമ്പർക്കം പുലർത്തിയെന്നുമുൾപ്പെടെയുള്ള കാര്യങ്ങളാണ് വ്യക്തമാകാനുള്ളത്.
എന്നാൽ ലോക്ക് ഡൗണിൽ തമിഴ് നാട്ടിൽ നിന്നും ചാരായം കൊണ്ട് വന്നു ഇയാളും സംഘവും വ്യാപകമായി വ്യാജ ചാരായ വില്പന നടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് നിന്നും സമീപ പ്രദേശങ്ങളിലിൽ നിന്നും അഞ്ഞൂറോളം പേർ ഇയാളിൽ നിന്നും ചാരായം വാങ്ങിയിരുന്നതായും പോലീസ് പറയുന്നു.ദേവസ്വം ബോർഡ് ജീവനക്കാരനായ ഇയാൾ ഐ.ടി കാർഡ് ഉപയോഗിച്ചാണ് യാത്ര ചെയ്തിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾക്ക് നാട്ടിൽ വെള്ളാണിക്കൽ കാട്ടു പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വാറ്റെന്നും നാട്ടുകാർ പറയുന്നു.
എന്നാൽ റൂട്ട് മാപ്പ് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ഇവരുടെ ബന്ധങ്ങളും ഇവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകരോടും പറയാൻ സാധ്യതയില്ലാത്തതിനാൽ റൂട്ട് മാപ്പിൽ ഇതൊന്നും വ്യകതമല്ലാത്ത സാഹചര്യമാണ്.
.മദ്യപിച്ച് വാഹനം ഓടിക്കുന്നതിനിടെ കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പാറയ്ക്കൽ മൂളയത്ത് ഇയാളോടിച്ചിരുന്ന കാർ ഒരുപൊലീസുകാരന്റെ വാഹനത്തിൽ ഇടിക്കുകയും തുടർന്ന് ടയർ ഊരി നിയന്ത്രണം നഷ്ടപ്പെട്ട കാർ ഒരു കിലോമീറ്റർ ഓടിയശേഷം റോഡരികിലെ വിമുക്തഭടന്റെ വീട്ടിലേക്ക് ഇടിച്ചുകയറുകയും ചെയ്തതോടെ ഇവർ പൊലീസിന്റെ പിടിയിലായത്.
കാറിൽ നിന്ന് പുറത്തിറങ്ങാനാകാത്ത വിധം മദ്യലഹരിയിലായിരുന്ന ഇവരെ പൊലീസെത്തിയാണ് കാറിൽ നിന്ന് പുറത്തിറക്കിയത്. കാറിനുള്ളിൽ നിന്ന് മദ്യംകണ്ടെത്തിയതോടെ റിമാന്റിലായ പ്രതികൾക്ക് ജയിലിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കാർ അപകടത്തിൽപ്പെട്ട സമയത്തും പൊലീസ് പിടിയിലായപ്പോഴും ഇവരുമായി അടുത്തിടപഴകിയവരുൾപ്പെടെ അമ്പതോളം പേരെ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ് ആരോഗ്യ പ്രവർത്തകർ ക്വാറന്റൈനിലാക്കി. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറും മുഴുവൻ പൊലീസുകാരും നിരീക്ഷണത്തിലാണ്.
ജയിലിൽ ഇയാളൊടൊപ്പം കഴിഞ്ഞ രണ്ട് തടവുകാരോടും ഇയാൾ കഴിഞ്ഞ സെല്ലുകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരോടും ക്വാറന്റൈൻ പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്.മുൻകരുതൽ നടപടിയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ പാറയ്ക്കൽ, മൂളയം, താമരഭാഗം പ്രദേശത്തെ വീടുകൾ സന്ദർശിച്ച് ജാഗ്രതാ നിർദേശം നൽകി. ഇവിടങ്ങളിൽ നിന്നുള്ള പലരും കഴിഞ്ഞ ദിവസങ്ങളിൽ മാണിക്കൽ പഞ്ചായത്തിൽ വന്നുപോയതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫ്രണ്ട് ഓഫീസുൾപ്പെടെ പഞ്ചായത്തിൽ അണുനശീകരണം നടത്തി. ഫ്രണ്ട് ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കൊവിഡ് സ്ഥിരീകരിച്ചയാളുമായി ചില ടിപ്പർ ലോറി ഡ്രൈവർമാർക്ക് അടുത്ത സമ്പർക്കമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ ക്രഷർ യൂണിറ്റുകളും താൽക്കാലികമായി അടച്ചതായി പഞ്ചായത്ത് അറിയിച്ചു. സുഭിക്ഷകേരളം പദ്ധതിയുടെ നടീൽ ഉദ്ഘാടനവും ഹോമിയോ മെഡിക്കൽ ക്യാമ്പു ഉ ൾപ്പെടെ മാറ്റി . രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാറയ്ക്കൽ, മൂളയം, താമരഭാഗം പ്രദേശത്തും മദ്യവുമായി പൊലീസ് പിടിയിലായ കാറും ഫയർഫോഴ്സ് സഹായത്തോടെ അണുനശീകരണം നടത്താനുള്ള നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.