ആറ്റിങ്ങൽ: ആലംകോട് മത്സ്യ മാർക്കറ്റിൽ നിരന്തര ലോക്ക്ഡൗൺ ലംഘനം നടത്തുന്നവർക്കെതിരെ നഗരസഭയുടെ കടുത്ത നടപടി.
നഗരസഭയുടെ മത്സ്യ മാർക്കറ്റിൽ ലോക്ക്ഡൗൺ ലംഘനം നടത്തി കച്ചവടം ചെയ്യാൻ ശ്രമിച്ച മത്സ്യവും വാഹനങ്ങളും നഗരസഭാ ചെയർമാൻ എം. പ്രദീപിന്റെ നിർദ്ദേശ പ്രകാരം സെക്രട്ടറി എസ്. വിശ്വനാഥൻ, ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിദ്ദീഖ് എന്നിവരടങ്ങുന്ന സംഘം പിടിച്ചെടുത്തു. വൈകുന്നേരം അഞ്ചര മണിയോടെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യവുമായി എത്തിയ നാലോളം കണ്ടൈനർ ലോറികളാണ് ഹെൽത്ത് സ്ക്വാഡിന്റെ പരിശോധനയിൽ കണ്ടെത്തിയത്.
കോവിഡ് 19 ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് മാസത്തിലേറെയായി നഗരസഭ മാർക്കറ്റ് പൂട്ടിയിട്ടിരിക്കുന്ന സാഹചര്യത്തിലാണ് അനധികൃത മത്സ്യക്കച്ചവടം ചെയ്യാൻ ചില മത്സ്യമൊത്ത വ്യാപാരികൾ ശ്രമിച്ചത്. അന്യ സംസ്ഥാനങ്ങളിലെ റെഡ് സോണുകളിൽ നിന്നും യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് വാഹനങ്ങളും ജീവനക്കാരും മാർക്കറ്റിൽ എത്തുന്നത്.
പട്ടണത്തിൽ പരിശോധന ശക്തമാക്കിയതിനെ തുടർന്ന് നഗരസഭാ പരിധിക്കപ്പുറത്ത് ചില ജനവാസമില്ലാത്ത കേന്ദ്രങ്ങളിൽ വച്ച് പ്രാദേശിക രെജിസ്ട്രേഷനുള്ള വാഹനങ്ങളിലേക്ക് രാസവസ്തുക്കളടങ്ങിയതും പഴകിയതുമായ മത്സ്യങ്ങൾ മാറ്റി കയറ്റുന്ന ഗുരുതരമായ കുറ്റവും നിത്യ സംഭവമായി മാറുകയാണ്. കൂടാതെ നീയമ വിരുദ്ധമായ മത്സ്യക്കച്ചവടം നഗരത്തിൽ വൻ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. തുടർന്നും സമയക്രമമില്ലാതെ പട്ടണത്തിൽ ശക്തമായ പരിശോധനയുണ്ടാവുമെന്നും നീയമ ലംഘനം നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.
Flash
നെല്ലനാട്, മാണിക്കൽ, പുല്ലമ്പാറ, വാമനപുരം, മുദാക്കൽ, പുളിമാത്ത് പഞ്ചായത്തുകളിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ, ജില്ലാ കളക്ടർ ഉത്തരവിറക്കി.