തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിദിന കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന തോതാണിത്. അതേസമയം പത്ത് പേരുടെ ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്, 29.
ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ
പാലക്കാട് – 29
കണ്ണൂര്‍ – 8
കോട്ടയം – 6
മലപ്പുറം – 5
എറണാകുളം – 5
തൃശ്ശൂര്‍ – 4
കൊല്ലം – 4
കാസര്‍ഗോഡ് – 3
ആലപ്പുഴ – 3
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മഹാഹാഷ്ട്രയില്‍ നിന്നെത്തിയ 15 പേര്‍ക്കും തമിഴ്നാട്ടില്‍ നിന്നെത്തിയ 9 പേര്‍ക്കും പുറമെ ഗുജറാത്തില്‍ നിന്നു വന്ന അഞ്ച് പേര്‍ക്കും കര്‍ണാടകയില്‍ നിന്നുള്ള ഒരാള്‍ക്കും പൊണ്ടിച്ചേരി, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നു കേരളത്തിലെത്തിയ ഓരോരുത്തര്‍ക്കും വൈറസ് ബാധ കണ്ടെത്തി. ഏഴ് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 936 ആയി. 415 പേര്‍ നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അതേസമയം കേരളത്തില്‍ കോവിഡ്-19 നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. 104336 പേര്‍ സംസ്ഥാനത്താകെ നിരീക്ഷണത്തിലാണ്. ഇതില്‍ 103528 പേര്‍ വീടുകളിലും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വറന്റൈനിലുമാണ്. 808 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 186 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ സംസ്ഥാനത്ത് 56704 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 54836 എണ്ണവും രോഗബാധയില്ലായെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. സെന്റിനല്‍ സര്‍വേയ്‌ലന്‍സിന്റെ ഭാഗമായി 8599 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്, ഇതില്‍ 8174 എണ്ണവും നെഗറ്റീവാണ്. കേരളത്തില്‍ പുതിയതായി 9 ഹോട്ട്സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. കാസര്‍ഗോഡ്, കോട്ടയം ജില്ലകളില്‍ മൂന്നും കണ്ണൂര്‍ ജില്ലയില്‍ രണ്ടും പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്ന് വീതവുമാണ് പുതിയതായി ഉള്‍പ്പെടുത്തിയ ഹോട്ട്സ്‌പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 68 ആയി.
കേരളം കോവിഡ് പ്രതിരോധത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക്
വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ സംസ്ഥാനത്തേക്ക് എത്തുന്നതോടെ കേരളം കോവിഡ് പ്രതിരോധത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരക്കുന്ന നടപടികള്‍ വിശദീകരിക്കാനും ജനപ്രതിനിധികളുടെ സഹകരണം അഭ്യര്‍ത്ഥിക്കാനും എംപിമാരുമായും എംഎല്‍എമാരുമായും വീഡിയോ കോണ്‍ഫറന്‍സ് നടത്തി. യോഗത്തില്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ എംപിമാരും എംഎല്‍എ മാരും പിന്തുണ അറിയച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മഹാമാരിയെ നേരിടുന്നതിന് കേരളം തുടര്‍ന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ജാഗ്രത ശക്തിപ്പെടുത്തുന്നതിന് ചില നിര്‍ദേശങ്ങളും ജനപ്രതിനിധികള്‍ പങ്കുവച്ചതായും സര്‍ക്കാര്‍ അത് ഗൗരവകരമായി തന്നെ പരിഗണിക്കുമെന്നും മുഖ്യമന്ത്രി. മൂന്ന് പേരൊഴികെ എല്ലാ മന്ത്രിമാരും പ്രതിപക്ഷ നേതാവ്, സ്‌പീക്കര്‍, കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വിദേശരാജ്യങ്ങളില്‍ നിന്ന് വരാനാഗ്രഹിക്കുന്നവരുടെ കാര്യത്തില്‍ ആശങ്ക വേണ്ട
വിദേശരാജ്യങ്ങളില്‍ നിന്ന് വരാനാഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി. മുന്‍ഗണന വിഭാഗത്തില്‍ നിന്നുള്ളവരെ ആദ്യം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരുടെ മക്കള്‍ക്ക് കേരളത്തിലേക്ക് വിദ്യാലയങ്ങളില്‍ തുടര്‍ന്ന് പഠിക്കുന്നതിന് തടസമുണ്ടാകില്ല.
അന്തര്‍ജില്ല ബസ് സര്‍വീസ് ആരംഭിക്കുന്ന സമയത്ത് ജലഗതാഗതവും പരിഗണിക്കുമെന്നും മുഖ്യമന്ത്രി. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ക്ക് തിരിച്ചുപോകാന്‍ യാത്രസൗകര്യമില്ലാത്ത വിഷയവും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ട്സ്‌പോട്ടില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും.
തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരിക എന്നതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പ്രവാസികളാകെ ഒന്നിച്ചെത്തിയാല്‍ വലിയ പ്രശ്നമുണ്ടാക്കും. ലക്ഷകണക്കിന് ആളുകള്‍ കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു. ഇതില്‍ വിസ കാലാവധി കഴിഞ്ഞവരും വിദ്യാര്‍ഥികളുമടക്കം നിരവധിപേരുണ്ട്. ഇവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്താന്‍ ഇതുവരെ 380000 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ 216000 പേര്‍ക്ക് പാസ് അനുവദിച്ചു. 101779 പേരാണ് സംസ്ഥാനത്തേക്ക് ഇതുവരെ എത്തിയത്. വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തത് 134000 പേരാണ്. മേയ് 25 വരെ 11189 നാട്ടിലെത്തുകയും ചെയ്തു. പ്രവാസികള്‍ കേരളത്തിലേക്ക് എത്തുമ്ബോള്‍ ചില ക്രമീകരണങ്ങള്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി.
രോഗവ്യാപനം കൂടുതലായുള്ള പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവരെ പുറന്തള്ളുന്ന നയമില്ലെന്നും മുഖ്യമന്ത്രി. അവരെ കരുതലോടെ തന്നെ സ്വീകരിക്കും. ഒരു ഘട്ടത്തില്‍ കേരളത്തില്‍ ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണം 16 ആയിരുന്നു. എന്നാല്‍ ഇന്നലെ അത് 415 ആയി. പുറത്ത് നിന്ന് ആളുകള്‍ വരുമ്ബോള്‍ സ്വാഭാവികമായ വര്‍ധനവ് രോഗികളുടെ എണ്ണത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്ബര്‍ക്കത്തിലൂടെ രോഗം പടരുന്നത് തടയാന്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ ഫലം കണ്ടു. കേരളം ഒന്നിച്ച് നിന്നാണ് ഈ പ്രവര്‍ത്തനം നടത്തിയത്. ഇതുവഴി രോഗവ്യാപനം തടയാന്‍ കഴിഞ്ഞു. ആരോടും ഒരു വിവേചനവുമില്ലെന്നും മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തതിനാലാണ് നിയന്ത്രണങ്ങളെന്നും മുഖ്യമന്ത്രി. ഇല്ലെങ്കില്‍ സമൂഹ വ്യാപനത്തിലേക്കുള്‍പ്പടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ രോഗം വലിയ രീതിയില്‍ വ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനം സമ്മതിക്കാത്ത പ്രശ്നമില്ല
രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ ട്രെയിനുകള്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇതിന് സംസ്ഥാനം അനുമതി നല്‍കാത്ത പ്രശ്നമില്ല. രജിസ്റ്റര്‍ ചെയ്തവര്‍ തന്നെവേണം എത്താന്‍. റെയില്‍ സ്റ്റേഷനില്‍ തന്നെ പരിശോധിച്ച് ക്വറന്റീനലയക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വീട്ടില്‍ ക്വറന്റീനില്‍ പോകാന്‍ വേണ്ട സൗകര്യമുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതിന് യാത്രക്കാരുടെ വിവിരങ്ങള്‍ മുന്‍കൂട്ടി ലഭിക്കണം. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ട്രെയിന്‍ അയക്കാന്‍ തീരുമാനിച്ചത് സംസ്ഥാനത്തിന് യാതൊരു അറിയിപ്പും ലഭിക്കാതെയാണ്. ഇത് സംസ്ഥാനത്തിന്റെ കരുതലിനെ അട്ടിമറിക്കുന്ന പ്രശ്നമാണ്.