പോത്തൻകോട്: “തനിക്ക് എന്തെങ്കിലും സംഭവിച്ചുപോയാലും മോള് നന്നായി പരീക്ഷ എഴുതണമെന്നും പഠിച്ച് ജോലി നേടി ഉപ്പച്ചിയെ നോക്കണമെന്നായിരുന്നു ഫാത്തിമയോട് ഉമ്മ മരിക്കും മുൻപേ പറഞ്ഞിരുന്നത്.തുടർന്ന് ഉമ്മയുടെ മരണ ശേഷം തകർന്ന മനസുമായി എത്തി എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ ഫാത്തിമയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി നാടിന്റെ പൊന്നോമനയായി.
കരൂർ ലക്ഷ്മി വിലാസം ഹൈസ്‌ക്കൂളിൽ . പരീക്ഷയെഴുതിയ കീഴാവൂർ ഷഹ്നാ മൻസിലിൽ ഫാത്തിമയ്ക്കാണ് ഉമ്മയുടെ ആഗ്രഹം പോലെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാൻ പറ്റിയത്.ഉമ്മയുടെ വാക്ക് പാലിക്കാനാണ് ഉമ്മയെ കബറടക്കത്തിന് കൊണ്ടുപോകുന്നതിന് ഒരു മണിക്കൂർ മുമ്പ് ഫാത്തിമ രാവിലെ 9.30ന് പരീക്ഷാ ഹാളിലെത്തിയത്. കണിയാപുരം കുടമുറ്റം ജമാ അത്തിലാണ് നസീറാബീവിയെ കബറടക്കിയത്.
ഈറനോടെ പരീക്ഷ മുറിയിലെത്തിയ ഫാത്തിമയോട് സ്‌കൂൾ പ്രഥമാധ്യാപികയുമായ മായ ടീച്ചർ കാര്യങ്ങൾ തിരക്കിയപ്പോഴാണ് അവളുടെ ഉമ്മ മരണപ്പെട്ടിട്ട് നിമിഷങ്ങൾ മാത്രമെ ആയിട്ടുള്ളൂവെന്നറിയുന്നത്.
ഉമ്മയുടെ ആഗ്രഹ പ്രകാരം തകർന്ന മനസുമായി അവൾ പരീക്ഷയെഴുതിയത്. ഉമ്മ നസീറാബീവി മാർച്ച് 17 നാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഉമ്മയുടെ അസുഖമറിഞ്ഞ് ഗൾഫിലായിരുന്ന പിതാവ് ഷമീറും നാട്ടിലെത്തിയിരുന്നു. ഇപ്പോൾ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയത് കാണാൻ ഉമ്മയിലെന്ന വിഷമത്തിലാണ് ഫാത്തിമ