തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴിലുള്ള സ്പേസ് പാര്‍ക്കില്‍ കരാര്‍ നിയമനം ലഭിച്ചതിനെ കുറിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സ്വപ്നയെ നിയമിച്ച സാഹചര്യം, അതിലെ ശരിതെറ്റ് എന്നിവയാണ് അന്വേഷിക്കുന്നത്. അതിനായി ചീഫ് സെക്രട്ടറിയെയും അഡീഷണല്‍ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.
നിയമനത്തിനായി വ്യാജ രേഖ ചമച്ചതിന് സ്വപ്നയെ ഒന്നാം പ്രതിയാക്കി കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ക്രച്ചര്‍ ലിമിറ്റഡ്‌എംഡി നല്‍കിയ പരാതിയിലാണ് കേസ്. സ്വപ്നയെ തെരഞ്ഞെടുത്ത വിഷന്‍ ടെക്നോളജി രണ്ടാം പ്രതിയും നിയമിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് മൂന്നാം പ്രതിയുമാണ്. വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന എന്നീ തുടങ്ങിയ ആറു വകുപ്പുകള്‍ പ്രകാരമാണ് കേസ്. സ്വപ്നയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
അന്വേഷണത്തില്‍ ശിവശങ്കറിനെതിരെ തെളിവുണ്ടെങ്കില്‍ കര്‍ക്കശ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമനത്തില്‍ വീഴ്ചകളുണ്ടോ എന്ന് അറിയട്ടെ. അല്ലാതെ സങ്കല്‍പ്പത്തിന്റെ പേരില്‍ നടപടി എടുക്കാനാകില്ല. വിവാദ വനിതയുമായി ബന്ധപ്പെട്ടു എന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തെ മാറ്റി. യുഡിഎഫ് കാലത്ത് ഇങ്ങനെയൊരു നടപടി സ്വപ്നം കാണാനാകില്ല. എന്നാല്‍ ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അങ്ങനെയൊരാള്‍ വേണ്ട എന്ന് തീരുമാനിച്ചു. അദ്ദേഹം പറഞ്ഞു.