ഉള്ളൂർ: നഗരത്തിലെ പ്രമുഖ സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി തല മൊട്ടയടിക്കുകയും ആസിഡ് ഒഴിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ കൂട്ടുപ്രതി മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായി. മാമം കിഴുവില്ലം എസ്.ജെ മൻസിലിൽ ഷിനാസ് (18) ആണ് പിടിയിലായത്. കേസിലെ പ്രധാന പ്രതിയും കോരാണി കാർ ബസാർ ഉടമയുമായ സജാദ് ഒളിവിലാണ്. രണ്ടു മാസം മുമ്പായിരുന്നു സംഭവം. ആക്രമണത്തിന് ഇരയായ ആൺകുട്ടി ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കളാണ് അക്രമം നടത്തിയത്. കത്തി കൊണ്ട് തല മൊട്ടയടിക്കുകയും ആസിഡ് ഒഴിക്കാൻ ശ്രമിക്കുകയും പീഡന ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തുകയും ചെയ്തു. സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയെ തടഞ്ഞു നിറുത്തി ബലപ്രയോഗത്തിലൂടെ വാഹനത്തിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു. മറ്റൊരു പ്രതിയായ കിഴുവില്ലം കുറക്കട അണ്ടൂർ എൽ.പി.എസിന് പിറകുവശം ബൈത്തൂൽ ഇമാൻ വീട്ടിൽ മുഹമ്മദ് അസ്ലം (19) നേരത്തേ പിടിയിലായിരുന്നു. മെഡിക്കൽ കോളേജ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു