ന്യൂഡൽഹി: പോലീസുകാര്‍ക്ക് ഓവര്‍ടൈം വേതനം അനുവദിക്കണം എന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് . രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനാ അംഗങ്ങള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് വിജയ് ഗോപാല്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കേന്ദ്ര സര്‍ക്കാരിനും കേരളം ഉള്‍പ്പടെ ഉള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്കും ആണ് നോട്ടീസ്.
പോലീസ് സേനയില്‍ ഉള്ളവരുടെ ജോലി സമയം ആഴ്ചയില്‍ 48 മണിക്കൂര്‍ ആയി നിജപ്പെടുത്തണം. പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം വീക്കിലി ഓഫ് അനുവദിക്കണം. അധികം സമയം ജോലി ചെയ്താല്‍ ഓവര്‍ ടൈം വേതനം അനുവദിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് സേനാ അംഗങ്ങളുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് സുപ്രീം കോടതി മാര്‍ഗ്ഗ രേഖ തയ്യാറാക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് ആക്ടിലെ 22 ആം വകുപ്പില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും ജോലി ചെയ്യണം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആക്ടിലെ ഈ വ്യവസ്ഥ ദുര്‍വ്യാഖ്യാനം ചെയ്താണ് സംസ്ഥാന സര്‍ക്കാരുകള്‍ പോലീസ് സേനയിലെ അംഗങ്ങളെ ചൂഷണം ചെയ്യുന്നത് എന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. അധിക സമയം ജോലി ചെയ്യുന്ന പോലീസുകാര്‍ക്കാരുടെ മനുഷ്യാവകാശങ്ങള്‍ കണക്കിലെടുക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിലാളി യൂണിയനുകള്‍ ഉണ്ടാക്കാന്‍ കഴിയാത്തതിനാല്‍ പോലീസുകാര്‍ക്ക് അവരുടെ അവകാശങ്ങള്‍ സംഘടിതമായി ഉന്നയിക്കാന്‍ കഴിയുന്നില്ല എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വരുമാനം ഉണ്ടാക്കാത്ത സര്‍ക്കാര്‍ വകുപ്പ് ആയതിനാല്‍ പോലീസ് സേനയിലെ ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാരുകള്‍ ശ്രമിക്കാറില്ല. ചില സംസ്ഥാനങ്ങളില്‍ പോലീസ് സേനയില്‍ 61 ശതമാനം ഒഴിവുകള്‍ വരെ നികത്താതെ കിടക്കുകയാണെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, വി രാമസുബ്രമണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്.