തിരുവനന്തപുരം: രാജ്യത്ത് മെയ് മൂന്നുവരെ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ രണ്ടാഴ്ചകൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ മെയ് 17വരെയാണ് അടച്ചിടല്‍ നീട്ടിയിരിക്കുന്നത്. അതേസമയം, റെഡ് സോണ്‍ ആയിട്ടുള്ള മേഖലകളില്‍ കടുത്ത നിയന്ത്രങ്ങള്‍ ആണ് ഉണ്ടാകുക. ഇവിടങ്ങളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്താനാണ് തീരുമാനം. അതേസമയം, ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ ഇളവ് അനുവദിക്കും. ഇവിടങ്ങളില്‍ അന്‍പത് ശതമാനം യാത്രക്കാരുമായി ബസ് നടത്താനും സാധിക്കും. അതേസമയം, ഗ്രീന്‍ സോണുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു തന്നെ കിടക്കും.
ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഇളവുകളെ കുറിച്ച് തീരുമാനമെടുക്കാന്‍ നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നേക്കും എന്നാണു റിപ്പോര്‍ട്ടുകള്‍. ബാറുകളില്‍ പാഴ്‍സല്‍ മദ്യവില്‍പ്പന അനുവദിച്ചേക്കും. ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്യാന്‍ ആലോചന. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കില്ല.
മെയ് മൂന്നിന് ശേഷം മദ്യഷാപ്പുകള്‍ തുറക്കുന്നതിന് വിലക്കില്ലെങ്കിലും ബാറുകള്‍ തുറക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കുന്നതില്‍ കേന്ദ്രം ഇളവ് നല്‍കിയിരിക്കുന്നത്. ആറടി അകലം പാലിച്ചുനിന്നാകണം മദ്യം വാങ്ങേണ്ടത്. എല്ലാവര്‍ക്കും മാസ്ക് നിര്‍ബന്ധമാണ്.