കഴക്കൂട്ടം : മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ നേതൃത്വത്തില്‍ 43 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ ഉദ്ഘാനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മുതലപ്പൊഴി തുറമുഖത്തിന്റെ സുരക്ഷയ്ക്കായി ശേഷിക്കുന്ന ഭാഗത്തുകൂടി ചുറ്റുമതില്‍ നിര്‍മിച്ച് ഗേറ്റ് സ്ഥാപിക്കും. മഴക്കാലം കണക്കിലെടുത്ത്് മണ്ണെണ്ണ സംഭരണി സ്ഥാപിക്കുന്ന പ്രവൃത്തി അടിയന്തരമായി ചെയ്യാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മുതലപ്പൊഴി മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള തീരദേശത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ടിട്ടുള്ളവര്‍ തര്‍ക്കത്തിന് ഇടനല്‍കാതെ ഈ സൗകര്യമുപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.പദ്ധതി 2018-ല്‍ പൂര്‍ത്തീകരിച്ചിരുന്നെങ്കിലും പുലിമുട്ടിന് നീളം കുറവായതിനാല്‍ തുറമുഖ ചാനലില്‍ മണ്ണ് അടിഞ്ഞ് യാനങ്ങള്‍ക്ക് കരയ്ക്കെത്താന്‍ തടസ്സമനുഭവപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ കനാല്‍ അഞ്ച് മീറ്റര്‍ ആഴത്തില്‍ മണ്ണ് നീക്കി യാനങ്ങളുടെ സഞ്ചാരം സുഗമമാക്കിയിരിക്കുകയാണ്. ആഗോള ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കിലും ആരും താല്പര്യംകാണിച്ചിരുന്നില്ല. പിന്നീട് വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവൃത്തികള്‍ക്കെത്തിയ അദാനി ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ചയില്‍ അവരെക്കൊണ്ട് സൗജന്യമായി ഈ പ്രവൃത്തി ചെയ്യിക്കാനായി.മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് എല്ലാവര്‍ക്കും ഒരേപോലെ ന്യായവില ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.കോവിഡിന്റെ പശ്ചാത്തലത്തില്‍ തുറമുഖത്തില്‍ കൂട്ടംകൂടി നിന്ന് തിരക്ക് കൂട്ടുന്നത് ഒഴിവാക്കുന്നതിനു കൂടി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചീഫ് എഞ്ചിനീയര്‍ ബി.ടി.വി കൃഷ്ണന്‍, സൂപ്രിങ് എന്‍ജിനീയര്‍ വി.കെ. ലോട്ടസ്. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി.എസ്.അനില്‍കുമാര്‍. ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മന്ത്രിക്കുനേരെ കോൺഗ്രസ് പ്രതിഷേധം
താഴംപള്ളിയിൽ ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രിയുടെ വാഹനത്തിനുകുറുകെ മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് പ്രവർത്തകർ ചാടി വീഴുകയായിരുന്നു. പ്രതിഷേധിച്ച നാല് പ്രവർത്തകരെ അഞ്ചുതെങ്ങ് പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.