മുംബയ്: നടിയും അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചു.അമിതാഭ് ബച്ചനും മകന് അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഐശ്വര്യയും മകളും കൊവിഡ് ടെസ്റ്റിന് വിധേയരായിരുന്നു. ഇരുവരുടേയും ആന്റിജന്‍ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍, സ്രവ പരിശോധന ഫലത്തില്‍ കൊവിഡ് ബാധിതരാണെന്ന് സ്ഥീരീകരിച്ചു. ഇവരുവരെയും മുംബയ് നാനാവതി ആശുപത്രിയിലേക്കു മാറ്റി.
ശ്വാസതടസം അനുഭവപെട്ടതിനെ തുടര്‍ന്നാണ് അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് ഉണ്ടെന്ന് മനസിലാകുന്നത്. അമിതാഭ് ബച്ചനും തന്റെ രോഗവിവരം ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചിരുന്നു.
ടെലിവിഷന്‍ ചാനലിനായുളള പരസ്യ വീഡിയോകളുടെ ചിത്രീകരണം കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. ഇതിനിടെയാകാം അഭിഷേകിന് രോഗം പകര്‍ന്നതെന്നാണ് കരുതുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമിതാഭ് ബച്ചനും ഇപ്പോള്‍ മുംബയ് നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്.