തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ് നടത്തുന്ന ഉത്തരേന്ത്യക്കാരനായ പ്രതി പിടിയില്‍. മലയാളികളടക്കമുള്ളവരുടെ സ്റ്റീല്‍ കമ്ബനികള്‍ക്ക് സ്റ്റീല്‍ ഉല്പന്നങ്ങള് ഓണ്‍ലൈന്‍ വഴി വാഗ്ദാനം ചെയ്ത് വന്‍തുക തട്ടിയെടുത്ത് മുങ്ങുന്ന കേസിലെ മുഖ്യപ്രതിയായ വിശാഖപട്ടണം സ്വദേശി വടലമണി രവി ശങ്കറിനെയാണ് ( 28) തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സംഘം കൊല്‍ക്കത്തയിലെത്തി അറസ്റ്റ് ചെയ്തത്.
നവീന്‍ ഏജന്‍സീസ് എന്ന സ്റ്റീല്‍ കമ്ബനിയുടെ ഉടമയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതി കുറഞ്ഞ വിലയ്ക്ക് സ്റ്റീല്‍ വാഗ്ദാനം ചെയ്ത പരസ്യം ഓണ്‍ലൈനില്‍ കണ്ടാണ് ഓര്‍ഡര്‍ നല്‍കിയത്. ഇയാള്‍ കമ്ബനിയുടമയെ ഫോണില്‍ ബന്ധപ്പെട്ട് പണം ആവശ്യപ്പെടുകയും പല ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുക്കുകയും ചെയ്തു. സ്റ്റീല്‍ അയച്ചിട്ടുണ്ടെന്നും വാഹനം വരുന്ന വഴിക്ക് കേടായെന്നും പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നി പൊലീസിനെ സമീപിച്ചത്.
തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. സൈബര്‍ ക്രൈം ഡിവൈ.എസ്.പി ജീജി എന്‍, പൊലീസ് ഇന്‍സ്പെക്ടര്‍ റോജ്.ആര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയുടെ എ.ടി.എം കാര്‍ഡ്, ഇ-മെയില്‍, സിസി ടിവി ഫൂട്ടേജ് എന്നിവ പരിശോധിച്ചപ്പോള്‍, ഇയാള്‍ കൊല്‍ക്കത്ത യിലുള്ളതായി കണ്ടെത്തി. തുടര്‍ന്ന് അവിടത്തെ പൊലീസിന്റെ സഹായത്തോടെ ഇന്‍സ്പെക്ടര്‍ റോജ്.ആര്‍, എസ്.ഐ ബിജുകുമാര്‍, സി.പി.ഒമാരായ ശബരീനാഥ്, വിജേഷ് എന്നിവര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയില്‍ നിന്നും മറ്റൊരാളിന്റെ പേരിലെടുത്ത ബാങ്ക് അക്കൗണ്ട് വിവരങ്ങളും സിം കാര്‍ഡുകള്‍, എ.ടി.എം കാര്‍ഡുകള്‍, ബാങ്ക് പാസ്ബുക്കുകള്‍ എന്നിവയും കണ്ടെത്തി.ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.