ഇഞ്ചിച്ചായ, നാരങ്ങച്ചായ, ഗ്രീന്‍ ടീ അങ്ങനെ പലതരം ചായകളെക്കുറിച്ച് നിങ്ങള്‍ കേട്ടുകാണും. എന്നാല്‍ വെളുത്തുള്ളി കൊണ്ടുള്ള ചായയെക്കുറിച്ച് പലരും കേട്ടുകാണാന്‍ സാധ്യതയില്ല. കാരണം മറ്റൊന്നുമല്ല, ആദ്യം പറഞ്ഞ ചായകളൊക്കെ തന്നെ നമ്മുടെ പതിവുകളില്‍ വല്ലപ്പോഴുമെങ്കിലും കടന്നുവരാറുള്ളതാണ്. എന്നാല്‍ ‘വെളുത്തുള്ളിച്ചായ’ അങ്ങനെ സാധാരണഗതിയില്‍ ആരും പരീക്ഷിക്കാറില്ലെന്നതാണ് സത്യം.
വെളുത്തുള്ളി, നമുക്കറിയാം എത്രയോ ഗുണങ്ങളുള്ള ഒന്നാണ്. അതുകൊണ്ട് തന്നെയാണ് നമ്മുടെ അടുക്കളകളില്‍ വെളുത്തുള്ളിക്ക് എപ്പോഴും ഒരു പ്രധാനസ്ഥാനം നമ്മള്‍ മാറ്റിവയ്ക്കുന്നതും. മിക്ക കറികളിലും നമ്മള്‍ വെളുത്തുള്ളി ചേര്‍ക്കുന്നതിന് പിന്നിലെ രഹസ്യവും ഇതുതന്നെയാണ്. അതുപോലെ തന്നെയാണ് വെളുത്തുള്ളിച്ചായയുടെ കാര്യവും. വെളുത്തുള്ളിയുടെ എല്ലാ ഗുണങ്ങളും ലഭ്യമാക്കാന്‍ ഇത് ഒന്നാന്തരമാണ്.
പക്ഷേ, സാധാരണഗതിയില്‍ ആരും അത്രകണ്ട് ചെയ്യാത്തതിനാല്‍ത്തന്നെ, പലര്‍ക്കും വെളുത്തുള്ളിച്ചായ എങ്ങനെ തയ്യാറാക്കണമെന്ന കാര്യത്തില്‍ സംശയം കാണും. ഇത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതേയുള്ളൂ.
ചായയ്ക്ക് എത്ര വെള്ളമാണോ വേണ്ടത്, അത് പാത്രത്തിലെടുത്ത് അടുപ്പത്ത് വയ്ക്കാം. മൂന്ന് കപ്പ് വെള്ളത്തിന് മൂന്നോ നാലോ അല്ലി വെളുത്തുള്ളി എന്ന കണക്കിലെടുക്കാം. ഇത് ചെറുതായി അരിഞ്ഞ ശേഷം വെള്ളത്തിലേക്ക് ചേര്‍ക്കാം. തുടര്‍ന്ന് തിളയ്ക്കുമ്പോള്‍ അല്‍പം തേയില ചേര്‍ത്ത് വാങ്ങിവയ്ക്കാം. പഞ്ചസാര ചേര്‍ക്കുന്നതിന് പകരം ഇതിലേക്ക് തേന്‍ ചേര്‍ക്കുന്നതാണ് ഉത്തമം. ആവശ്യമെങ്കില്‍ അല്‍പം നാരങ്ങാനീരോ ഇഞ്ചിയോ ഒക്കെ ഇതിലേക്ക് ചേര്‍ക്കാം. അരിച്ചെടുത്ത് ചൂടോടെ തന്നെ ഇത് കുടിക്കം.
വെളുത്തുള്ളിച്ചായയുടെ ഗുണങ്ങള്‍
രാവിലെ എഴുന്നേറ്റയുടന്‍ വെറുംവയറ്റില്‍ ഇത് കുടിക്കുന്നത് ഉദരസംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരമേകും. പ്രത്യേകിച്ച് ദഹനപ്രശ്നങ്ങളെയാണ് ഇത് ഏറെയും പരിഹരിക്കുക. ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങളെ അകറ്റിനിര്‍ത്താനും രക്തയോട്ടം വര്‍ധിപ്പിക്കാനും ഇത് സഹായകമാണ്. അതുപോലെ ശരീരത്തെ ശുദ്ധിയാക്കുക, ശരീരവണ്ണം കുറയ്ക്കാന്‍ സഹായിക്കുക, കൊഴുപ്പിനെ എരിക്കുക, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക, ആരോഗ്യപരമായ രീതിയില്‍ കൊളസ്ട്രോളിനെ ‘ബാലന്‍സ്’ ചെയ്യുക, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ‘ബാലന്‍സ്’ ചെയ്യുക എന്നിങ്ങനെയുള്ള ധര്‍മ്മമെല്ലാം വെളുത്തുളളിച്ചായയ്ക്ക് നിര്‍വഹിക്കാനാകും