ഹൃദയഭിത്തിയിൽ ജന്മനായുള്ള സുഷിരം ശസ്ത്രക്രിയ കൂടാതെ അടയ്ക്കാനുള്ള ഉപകരണവും അതു സ്ഥാപിക്കാനുള്ള സംവിധാനവും വികസിപ്പിച്ചെടുത്തു ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി. നിറ്റിനോൾ കമ്പികളും പോളിയസ്റ്ററും ഉപയോഗിച്ചാണു ചിത്ര എഎസ്ഡി ഒക്ലൂഡർ എന്നു പേരിട്ട ഉപകരണം നിർമിച്ചിരിക്കുന്നത്. രൂപകൽപനയുടെ ഇന്ത്യൻ പേറ്റന്റിനായി അപേക്ഷ സമർപ്പിച്ചു.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള ശ്രീചിത്രയിലെ ബയോ മെഡിക്കൽ ടെക്നോളജി വിഭാഗത്തിലെ ടെക്നിക്കൽ റിസർച് സെന്റർ ഫോർ ബയോമെഡിക്കൽ ഡിവൈസസ് ആണ് ഒക്ലൂഡർ വികസിപ്പിച്ചത്. നിറ്റിനോൾ കമ്പികൾ കൊണ്ടുണ്ടാക്കിയ ചട്ടക്കൂടിനുള്ളിലാണ് പോളിയസ്റ്റർ ആവരണം. ഒക്ലൂഡർ കത്തീറ്ററിനുള്ളിലാക്കി ഹൃദയത്തിൽ എത്തിച്ച് സുഷിരത്തിൽ സ്ഥാപിക്കാം. കത്തീറ്ററിൽ നിന്ന്് പുറത്തെത്തിയാലുടൻ നിറ്റിനോൾ ചട്ടക്കൂട് വികസിക്കും. പോളിയസ്റ്റർ ആവരണം രക്തം ആഗിരണം ചെയ്തു സുഷിരം അടയും. കാലക്രമേണ ഇവിടെ കോശങ്ങൾ വളരും.
ഡോ. സുജേഷ്് ശ്രീധരൻ, കാർഡിയോളജി വിഭാഗം പ്രഫസർമാരായ ഡോ. എസ്. ബിജുലാൽ, ഡോ. കെ.എം.കൃഷ്്ണമൂർത്തി എന്നിവരടങ്ങിയ സംഘമാണ് ഒക്ലൂഡർ വികസിപ്പിച്ചത്. ഇറക്കുമതി ചെയ്യുന്ന, ഏകദേശം 60,000 രൂപ വിലവരുന്ന ഉപകരണങ്ങൾ ഉപയോഗിച്ചാണു നിലവിൽ ഹൃദയത്തിലെ സുഷിരങ്ങൾ അടയ്ക്കുന്നത്. ചിത്ര ഒക്ലൂഡർ വിപണിയിൽ എത്തുന്നതോടെ ഇവയുടെ വില കുറയും. സാങ്കേതികവിദ്യ സ്വകാര്യ കമ്പനികൾക്ക് ഉടൻ കൈമാറും.
മൃഗങ്ങളിലും മനുഷ്യരിലും പഠനം നടത്തിയ ശേഷമായിരിക്കും ഉപകരണം വിപണിയിലെത്തുക.