ക്ലാസിക്ക്, ഡ്രാമ, കോമഡി, റോമാൻസ് എന്നീ ജോണറുകളിൽ മലയാള സിനിമ ഒത്തിരി പുരോഗമിച്ചിട്ടുണ്ട്. മൂത്തോൻ, കുമ്പളങ്ങി നൈറ്റ്സ്, വികൃതി, അങ്ങനെ ഒരുപിടി എത്രയോ നല്ല സിനിമകളിലൂടെ കഴിഞ്ഞ ദശകം സാക്ഷ്യം വഹിച്ചതും ആ വളർച്ചയാണ്. പക്ഷേ മലയാള സിനിമാമേഖലയിൽ സൈക്കോ-ത്രില്ലർ സിനിമകളുടെ ക്ഷാമമുണ്ടെന്നുള്ള ചീത്തപേര് മാത്രം മാറിയില്ല. എന്നാൽ അതിൽ ഒരു മാറ്റമുണ്ടാക്കിയ സിനിമയാണ് പുതുവർഷത്തിൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാം പാതിര. ബോളിവുഡിലും ഹോളിവുഡിലും മാത്രം കണ്ട് ശീലിച്ച, പേടിപ്പിക്കുന്ന, സീറ്റിൽ പിടിച്ചിരുത്തുന്ന, തിരിഞ്ഞുനോക്കിയാൽ ഭയമുളവാക്കുന്ന ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ എന്ന രീതിയിൽ ‘അഞ്ചാം പാതിര’ വിജയിച്ചു.
വലിയ പ്രതീക്ഷകളുടെ ഭാരവുമായിട്ടാണ് ഫോറൻസിക് വരുന്നത്. സീരിയൽ ക്രൈമുകളും സൈക്കോ കൊലപാതകികളും വിശ്വസനീയമായ രീതിയിൽ കോർത്തിണക്കി ആ പ്രതീക്ഷയെ തെല്ലും കുറയ്ക്കാതെ നല്ലൊരു സസ്പെൻസ് ത്രില്ലറാണ് ഫോറൻസിക്. ടോവിനോ തോമസ് നായക വേഷത്തിലെത്തിയ അനസ് ഖാനും ‘സെവൻത്ത് ഡേ’ എന്ന പൃഥ്വിരാജ് ചിത്രത്തിന് തിരക്കഥയൊരുക്കിയ അഖിൽ പോളും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ‘ഫോറൻസിക്’. പേരുപോലെ തന്നെ ശാസ്ത്രീയമായ രീതികളിലൂടെയുള്ള കുറ്റാന്വേഷണമാണ് സിനിമയുടെ പ്രമേയം. എന്നാൽ അതിൽ ഒതുങ്ങിപ്പോകുന്ന ഒരു സിനിമയല്ല. പെൺകുട്ടികളുടെ തിരോധാനവും തുടർന്ന് നടക്കുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ഈ ഇതിവൃത്തം ആവർത്തനമല്ലെ എന്ന സംശയം മനസ്സിലുണരുന്ന അടുത്ത ക്ഷണം സിനിമയുടെ ഗതി മാറും. ഈ അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെയാണ് സിനിമയുടെ സഞ്ചാരം. ഇതുതന്നെയാണ് ചിത്രത്തിന്റെ കരുത്തും.
കുട്ടികളിൽ കൂടി വരുന്ന അക്രമവാസനയും മാനസികവൈകല്യങ്ങളും സിനിമയിൽ ഏറെ പ്രാധാന്യത്തോടെ കാണിക്കുന്നുണ്ട്. അക്രമങ്ങൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഈ സാഹചര്യത്തിൽ ഫോറൻസിക് എന്ന സിനിമ തുറന്നുകാട്ടുന്നത് കുട്ടികളിൽ അറിയാതെ പോകുന്ന ആ മാനസിക സംഘർഷങ്ങളെ കൂടിയാണ്. സാധാരണ സൈക്കോ ത്രില്ലർ സിനിമകളിൽ കാണുന്നതുപോലെയുള്ള കൊലപാതകങ്ങൾ നടക്കുന്നു, പോലീസ് അന്വേഷിക്കുന്നു, അവസാനം കൊലയാളി പിടിയിലാകുന്നു എന്ന രീതിയെ അപ്പാടെ മാറ്റുകയാണ് ഫോറൻസിക്. ഒരു സമയം കഴിയുമ്പോൾ കൊലയാളിയെ പ്രേക്ഷകനുമുമ്പിൽ കൊണ്ടുവന്നു നിർത്തി, കുറ്റാന്വേഷണത്തിന്റെ ഗതിയെ വിലയിരുത്തുന്ന പണി കാഴ്ചക്കാരന് വിട്ടു നൽകുകയാണ് സംവിധായകർ. ഇത് അവസാനം കണ്ടത് മിഷ്കിന്റെ ‘സൈക്കോ’ എന്ന സിനിമയിലാണ്.
പോലീസ് അന്വേഷണത്തിൽ ഫോറൻസിക് അല്ലെങ്കിൽ ശാസ്ത്രീയമായ രീതിയുള്ള ഒരു കുറ്റാന്വേഷണം എന്ന് പറയുന്നത് കുറച്ച് മാറ്റി നിർത്തപ്പെട്ട സംഗതിയാണ് പ്രത്യേകിച്ച് സിനിമകളിൽ. ഒരുപക്ഷേ മലയാള സിനിമയിലെ ത്രില്ലർ സിനിമകളുടെ ഒരു പൊതു സ്വഭാവം നോക്കുകയാണെങ്കിൽ ഇങ്ങനെയുള്ള ശാസ്ത്രീയ വശങ്ങൾക്ക് അന്വേഷണങ്ങളിലുള്ള പ്രാധാന്യം അധികം ചർച്ചചെയ്യപ്പെടാറില്ല എന്ന് തന്നെ പറയാം. ഇവിടെ ഫോറൻസിക് എന്ന മേഖലയിലെ നൂതനസംഗതികൾ പോലും ശ്രദ്ധയോടെ സിനിമയിൽ കൊണ്ടുവരാൻ ഫോറൻസിക്കിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക് സാധിച്ചു. ഡി.എൻ.എ. ടെസ്റ്റ്, നുണ പരിശോധന തുടങ്ങിയ പലതരം സാങ്കേതികമായ സാധ്യതകളെ ഉപയോഗിച്ച് അന്വേഷണത്തിൽ പോലീസിനെ പോലെ തന്നെ ശാസ്ത്രീയ വിദഗ്ദരും എത്രത്തോളം ഉൾപ്പെട്ടിട്ടുണ്ടെന്ന് കാണിക്കുന്നുണ്ട്. എന്നിരുന്നാലും ചില ക്ലീഷേ സീനുകളും സംഭാഷണങ്ങളും രീതികളുെ പോലും ഒഴിവാക്കാമായിരുന്നു എന്ന് തോന്നിപ്പോകും. പക്ഷേ അത് സിനിമയുടെ ഗതിയെ ഒട്ടും ബാധിക്കുന്നില്ല. പെട്ടെന്ന് നീങ്ങുന്ന കഥയാണ് ഫോറൻസിക്കിന്റെ എടുത്തു പറയേണ്ട പ്രത്യേകത.