തിരുവനന്തപുരം: ലോക്ക് ഡൗണിനിടെ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 179 പേര്‍ക്കെതിരെയും നിരോധനം ലംഘിച്ച് അനാവശ്യ യാത്രചെയ്ത 231 പേര്‍ക്കെതിരെയും സിറ്റി പൊലീസ് കേസെടുത്തു. 84 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. നഗരാതിര്‍ത്തി പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചുകൊണ്ടുള്ള പരിശോധനശക്തമായി തുടരുകയാണ്. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തില്‍ വിലക്കുലംഘനം നടത്തിയ 201 പേര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്തു. അനാവശ്യയാത്ര ചെയ്ത 30 പേര്‍ക്കെതിരെയും കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. വലിയതുറ, ഫോര്‍ട്ട്, കോവളം സ്‌റ്റേഷനുകളിലാണ് കൂടുതല്‍ കേസെടുത്തത്. 72 ഇരുചക്ര വാഹനങ്ങളും 7 ആട്ടോറിക്ഷകളും 4 കാറുകളും ഒരു ലോറിയുമാണ് പിടിച്ചെടുത്തത്. സിറ്റി പൊലീസിന്റെ ‘റോഡ് വിജില്‍ ആപ്പ്’ വഴി നടത്തിയ പരിശോധനയിലാണ് ഇന്നലെ അനാവശ്യയാത്രകള്‍ നടത്തിയ കൂടുതല്‍ പേരും പിടിയിലായത്. തിരുവനന്തപുരം നഗരം ഹോട്ട്സ്‌പോട്ട് ആയതിനാല്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും തിരികെ പോകുന്നതിനും ആറ് പോയിന്റുകള്‍ നിശ്ചയിച്ചിട്ടുണ്ട്. മണ്ണന്തല മരുതൂര്‍, കഴക്കൂട്ടം വെട്ടുറോഡ്, പേരൂര്‍ക്കട വഴയില, കുണ്ടമണ്‍കടവ്, പ്രാവച്ചമ്ബലം, വിഴിഞ്ഞം മുക്കോല എന്നീ സ്ഥലങ്ങളിലെ അതിര്‍ത്തി പരിശോധനാ കേന്ദ്രങ്ങള്‍ വഴിയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.