കെട്ടിയാടാന്‍ നിരവധി വേഷങ്ങള്‍ ബാക്കിയാക്കിയാണ് ഇര്‍ഫാന്‍ ഖാന്‍ കാഴ്ചക്കപ്പുറത്തെ ലോകത്തിലേയ്ക്ക് യാത്രയായത്. നടന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലോടെയായിരുന്നു സിനിമ ലോകം കേട്ടത്. ഇനിയും പലര്‍ക്കും ഇത് പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് പതിറ്റാണ്ടുകളായി സിനിമയില്‍ സജീവമായിരുന്ന ഇര്‍ഫാന്‍ ഖാന്‍ ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ പോലും പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കാന്‍ ഇര്‍ഫാന് കഴിഞ്ഞു.
സൂപ്പര്‍ താരപദവിയില്ലാതെ സാധാരണക്കാരില്‍ സാധരണക്കാരെ പോലെയായിരുന്നു താരത്തിന്റെ ജീവിതം. അദ്ദേഹത്തിന്റെ അവസാന യാത്രയും അങ്ങനെ തന്നെയാണ്. ഇര്‍ഫാന്‍ ഖാന്റെ മൃതദേഹം മുംബൈയില്‍ കബറടക്കി. മുംബൈയിലെ വേര്‍സോവ കബര്‍സ്ഥാനില്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് കബറടക്കം നടന്നത്.കനത്ത പോലീസ് കാവലിലായിരുന്നു താരത്തിന്റെ അന്ത്യയാത്ര.
കൊറോണ വൈറസ്, ലോക്ക് ഡൗണ്‍ കാരണം പൊതുദര്‍ശനമോ മറ്റ് ഔദ്യോഗിക ചടങ്ങുകളോ ഇല്ലാതെയായിരുന്നു താരത്തിന്റെ വിശ്രമയാത്ര. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടക്കം വളരെ കുറച്ച് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.ഇര്‍ഫാന്‍ ഖാന്റെ അടുത്ത സുഹൃത്ത് തിഗ്മാന്‍ഷു ധുലിയ വിശാല്‍ ഭരദ്വാജ്, കപില്‍ ശര്‍മ, മിക സിങ്ങ് തുടങ്ങിയവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ഇര്‍ഫാന്റെ നിര്യാണത്തില്‍ പ്രമുഖ ചലച്ചിത്ര താരങ്ങളും ചലച്ചിത്ര, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി.
വന്‍ കുടലിലുണ്ടായ അണുബാധയെ തുടര്‍ന്ന് ഇന്നലെ രാവിലെ മുംബൈ കോകിലാബൈന്‍ ധീരു അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന താരം . ഇന്ന് രാവിലെ(29 ഏപ്രില്‍)യായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു. അസുഖത്തില്‍ നിന്ന് മുക്തി നേടിയ ശേഷം താരം സിനിമകളില്‍ സജീവമായിരുന്നു.ഭാര്യ; സുതപ സികാര്‍, മക്കള്‍; ബബില്‍, ആര്യന്‍, സഹോദരങ്ങള്‍; സല്‍മാന്‍, ഇമ്രാന്‍.