തിരുവനന്തപുരം; ലോക്ക്ഡൗണ്‍ കാലത്ത് വയോജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ “പ്രശാന്തി’ എന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഒറ്റപ്പെടല്‍, ജീവിതശൈലീരോഗങ്ങള്‍, മരുന്നിന്റെ ലഭ്യത സംബന്ധിച്ച ആശങ്ക എന്നിങ്ങനെ വയോജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം.
തിരുവനന്തപുരം എസ്‌എപി ക്യാമ്പിലെ ഹെല്‍പ് ആന്‍ഡ് അസിസ്റ്റന്‍സ് റ്റു ടാക്കിള്‍ സ്ട്രെസ് സെന്ററില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. പ്രശ്നങ്ങള്‍ ക്ഷമാപൂര്‍വം കേട്ട് അനുയോജ്യമായ പരിഹാരം കണ്ടെത്താന്‍ പ്രത്യേക പരിശീലനം നല്‍കിയ നാല് വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. ജനമൈത്രി നോഡല്‍ ഓഫീസറായ ഐജി എസ് ശ്രീജിത്തിനാണ് പരിശീലനത്തിന്റെ ചുമതല. 24 മണിക്കൂറും കാള്‍ സെന്റര്‍ പ്രവര്‍ത്തിക്കും. ഫോണ്‍: 9497900035, 9497900045.