ചിറയിൻകീഴ് :ചിറയിൻകീഴ് ഗാന്ധീ സ്മാരകം അഴൂർ പി ഡബ്ലിയു ഡി റോഡിൽ പൈപ്പ് പൊട്ടി അറ്റകുറ്റ പണി നടത്തുന്നതിനിടെ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. താഴേമുട്ടപ്പലത്ത് കഴിഞ്ഞ മൂന്ന് ദിനങ്ങളായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ടിരുന്നു. ഇന്ന് രാവിലെ വാട്ടർ അതോറിറ്റി ചുമതലപ്പെടുത്തിയ ജീവനക്കാർ എത്തി കോവിഡ് ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് അറ്റകുറ്റ പണി ചെയ്യവെയാണ് സംഭവം. സ്ഥലത്തെത്തിയ ചിറയിൻകീഴ് എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൊഴിലിൽ ഏർപ്പെട്ടിരുന്ന കൃഷ്ണൻകുട്ടി എന്ന തൊഴിലാളിയെ യാതൊരു പ്രകോപനവുമില്ലാതെ അറസ്റ്റ് ചെയ്യുകയും, പണി ആയുധങ്ങൾ ഉൾപ്പെടെ പോലീസ് ജീപ്പിൽ കയറ്റുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. എസ്.കൃഷ്ണകുമാർ , വാർഡ് അംഗം കെ. ഓമന എന്നിവർ അറ്റകുറ്റ പണി ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടിട്ടും, ബലമായി തൊഴിലാളിയെ വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. അഡ്വ. എസ് കൃഷ്ണകുമാറിൻ്റെ നേത്യത്വത്തിൽ സ്റ്റേഷനിൽ എത്തി പ്രതിഷേധിക്കുകയും, ഉന്നത പോലീസ് ഉദ്യാഗസ്ഥരും, വാട്ടർ അതോറിറ്റി എ.ഇ അടക്കം ഇടപെട്ടതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് തന്നെ തൊഴിലാളിയെ ജീപ്പിൽ തിരികെ പണിസ്ഥലത്ത് തിരിച്ചെത്തിക്കുകയായിരുന്നു. തുടർന്ന് പൊതുപ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ പണി പുനരാരംഭിച്ചു.