പോത്തൻകോട്: മംഗലപുരം ഗ്രാമപഞ്ചായത്തിലെ തോന്നയ്ക്കൽ ചെമ്പകമംഗലം ശാന്തിനഗറിലെ അനന്തുവിനും അനാമികയ്ക്കും ഇനി ഓൺലൈൻ പഠനം മുടങ്ങില്ല. ഇവർക്കു സമ്മാനമായി ഒരു ടി.വി.യുമായി കെ.എസ്.ഇ.ബി. ജീവനക്കാർ ഇവരുടെ വീട്ടിലെത്തി. കെ.എസ്.ഇ.ബി. വർക്കേഴ്‌സ് അസോസിയേഷൻ സി.ഐ.ടി.യു കഴക്കൂട്ടം ഡിവിഷൻ കമ്മിറ്റി സെക്രട്ടറി സനൽകുമാറിന്റെ നേതൃത്വത്തിലാണ് ജീവനക്കാർ വിദ്യാർഥികളുടെ വീട്ടിലെത്തിയത്. ശാന്തി നഗർ കല്ലുംപുറത്ത് വീട്ടിൽ ഷീജയുടെ മക്കളാണ് അനന്തുവും അനാമികയും. ഭർത്താവ് മരണപ്പെട്ട് ഷീജയ്ക്ക് ലോട്ടറി വിറ്റുകിട്ടുന്ന ഏക വരുമാനമാണ് ഉപജീവനമാർഗം. കുടുംബത്തിന്റെ ബുദ്ധിമുട്ട് നേരിട്ട് അറിഞ്ഞതോടെ കുട്ടികളുടെ പഠനത്തിനായി ഒരു ടി.വി. നൽകാൻ കെ.എസ്.ഇ.ബി. വർക്കേഴ്‌സ് അസോസിയേഷൻ സി.ഐ.ടി.യു കഴക്കൂട്ടം ഡിവിഷൻ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഡിവിഷൻ കമ്മിറ്റി അംഗങ്ങളായ സനൽകുമാർ, ശിവകുമാർ, അനിൽകുമാർ, ബിജുകുമാർ, ജയചന്ദ്രൻ, ബിജുജോയി, വാർഡംഗം ലളിതാംബിക എന്നിവർ പങ്കെടുത്തു.
Flash
സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.