തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 24 ഇടങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വടക്കന്‍ കേരളത്തിലും മലയോരമേഖലകളില്‍ ഇനിയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും ഇതുവരേയും 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘സംസ്ഥാനത്ത് ഇന്നലെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും 24 ഇടങ്ങളില്‍ ഉണ്ടായി. മലയോരമേഖലകളില്‍ ഇനിയും ഇത് തുടരാനുള്ള സാഹചര്യമാണുള്ളത്. അതിനാല്‍ ഈ മേഖലയില്‍ പ്രത്യേക ശ്രദ്ധ നല്‍കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. നിലവില്‍ വയനാട്ടിലെ മേപ്പാടിയിലാണ് ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മേപ്പാടിയിലേക്കുള്ള ഗതാഗതം പൂര്‍ണമായും ഇല്ലാതായി. അതിനാല്‍ കാനനപാതയിലൂടെ എത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ 22 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതുവരെ 315 ദുരിതാശ്വാസ ക്യാമ്പുകളിലായി 22,165 പേർ കാമ്പിലേക്ക് മാറ്റിയെന്നും പിണറായി വിജയന്‍ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനുള്ള യന്ത്രങ്ങള്‍ക്ക് ക്ഷാമമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം