തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും സുരക്ഷ വര്‍ധിച്ചു. ക്ഷേത്രപ്രദേശങ്ങളില്‍ വാഹന പാര്‍ക്കിങ്, വിഡിയോ റിക്കോര്‍ഡിങ്, പൊതുചടങ്ങുകള്‍ തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഫോര്‍ട്ട് വാര്‍ഡിന്റെയും വഞ്ചിയൂര്‍ വില്ലേജ് ഓഫിസിന്റെയും പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണ് അതീവ നിയന്ത്രണം.
രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സ് ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍ റോഡ്, ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍ വാഴപ്പള്ളി ജങ്ഷന്‍ റോഡ്, വാഴപ്പള്ളി ജങ്ഷന്‍ സുന്ദരവിലാസം കൊട്ടാരം റോഡ്, സുന്ദരവിലാസം കൊട്ടാരം രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സ് റോഡ് എന്നിവിടങ്ങളെ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
ഈ പ്രദേശങ്ങളില്‍ പൊതു ചടങ്ങുകള്‍ നടത്തണമെങ്കില്‍ 15 ദിവസം മുന്‍പ് ജില്ലാ പോലീസ് മേധാവിയില്‍ നിന്ന് അനുമതി വാങ്ങണമെന്ന് ഉത്തരവിലുണ്ട്. ഇവിടങ്ങളിലൂടെ ആയുധങ്ങളോ, തീപിടിക്കാന്‍ കാരണമാകുന്ന വസ്തുക്കളോ കൊണ്ടുപോകരുതെന്ന് നിബന്ധനയുണ്ട്.
ക്ഷേത്ര സുരക്ഷയെ ബാധിക്കുമെന്ന് സംശയം തോന്നുന്ന പക്ഷം ആ വിശ്വാസികളെ ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. ഇവരെ ക്ഷേത്ര പരിസരത്തോ, സമീപത്തെ കെട്ടിടങ്ങളിലോ താമസിക്കാനും അനുവദിക്കില്ല. അനുവദിച്ചിരിക്കുന്ന ഇടങ്ങളിലല്ലാതെ വാഹനം പാര്‍ക്ക് ചെയ്താല്‍ പോലീസിന്റെ കര്‍ശന നടപടികള്‍ നേരിടേണ്ടി വരും.