സ്വന്തം ലേഖകൻ
തിരുവനന്തപുരം : ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സര്‍ഗവാസനകളും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും പൊതുസമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കുന്നതിനുമായി രാജ്യത്ത് ആദ്യമായി സംസ്ഥാന തലത്തില്‍ ‘വര്‍ണ്ണപ്പകിട്ട് 2019’ എന്ന പേരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം സംഘടിപ്പിക്കുന്നു. നവംബര്‍ 8, 9 തീയതികളില്‍ ചാല ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നവംബര്‍ 8-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ആദരിക്കുകയും ചെയ്യും.
കലോത്സവത്തോടനുബന്ധിച്ച് അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്ക് കരമന ടാക്‌സ് ടവറില്‍ നിന്ന് കലോത്സവ വേദിയിലേക്ക് വിളംബര ഘോഷയാത്ര ഉണ്ടായിരിക്കുന്നതാണ്. വിവിധ ജില്ലകളില്‍ നിന്നും എത്തിച്ചേരുന്ന 190 ഓളം കലാപ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. രണ്ട് ദിവസം നടക്കുന്ന കലോത്സവത്തില്‍ വിവിധ കലാമത്‌സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. 9-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിമുതല്‍ എറണാകുളം ധ്വയ ട്രാന്‍സ്‌ജെന്‍ഡര്‍ ആര്‍ട്‌സ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി അവതരിപ്പിക്കുന്ന കാലിക പ്രാധാന്യമുള്ള നാടകവും അതിന് ശേഷം പ്രശസ്ത നര്‍ത്തകിയും സിനിമാ താരവുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തപരിപാടിയും ഉണ്ടായിരിക്കുന്നതാണ്.