ഉത്തരവാദിത്വ ടൂറിസം രംഗത്ത് ലോകത്ത് തന്നെ നേതൃത്വപരമായ സ്ഥാനമാണ് കേരളത്തിനെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം സ്ഥാപകനും ഡയറക്റ്ററുമായ ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം കേരളം ഉത്തരവാദിത്ത ടൂറിസം രംഗത്ത് നടത്തുന്ന ഇടപെടലുകളെ പ്രശംസിച്ചത്. കേരളത്തിലെ ഉത്തരവാദിത്വ ടൂറിസം രംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മുന്നോട്ടുള്ള പ്രവര്‍ത്തന പദ്ധതികളെക്കുറിച്ചും സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാനാണ് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ കേരളത്തിലെത്തിയത്.
ഉത്തരവാദിത്വ ടൂറിസം വഴി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിലുള്ള പങ്കാളിത്ത പ്രവര്‍ത്തനങ്ങളില്‍ കേരളം ലോകത്തില്‍തന്നെ മികച്ച പ്രദേശങ്ങളിലൊന്നാണെന്ന് മാഞ്ചസ്റ്റര്‍ മെട്രോപൊളീറ്റന്‍ സര്‍വകലാശാലയിലെ എമറിറ്റസ് പ്രൊഫസറും വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് ഉപദേഷ്ടാവും കൂടിയായ അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഇത്രയും മികച്ച നിലയില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുവാന്‍ കഴിയുന്നതില്‍ ഇവിടുത്തെ മാതൃകാപരമായ തദ്ദേശ സ്വയംഭരണ സംവിധാനത്തിനു വലിയ പങ്ക് ഉണ്ട്. കേരളത്തിലെ പ്രാഥമിക തലത്തിലെ ആര്‍.ടി. യൂണിറ്റുകളുമായി ടൂറിസം മന്ത്രിയും ഡയറക്ടറും നേരിട്ടു ബന്ധം പുലര്‍ത്തുന്ന രീതി സ്പെയിനിലെ ബാര്‍സലോണ നഗരത്തിനു സമാനമാണ്.
കേരളത്തിലെ ഉത്തരവാദിത്വ ടൂറിസ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാനുള്ള ആര്‍ ടി മിഷന്റെ പദ്ധതികളെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ദേഹത്തിന് വിശദീകരിച്ചു. മാതൃകാ ഉത്തരവാദിത്വ ടൂറിസം ഗ്രാമം പ്രോജക്ടുകള്‍, ഉത്തരവാദിത്വ രംഗത്തെ കേരളത്തിലെ പുതിയ സാധ്യതകള്‍ കണ്ടെത്താനുള്ള പെപ്പര്‍ പ്രോജക്ട്, ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമായുള്ള ആര്‍.ടി ക്ലാസിഫിക്കേഷന്‍ തുടങ്ങിയ പദ്ധതികള്‍ക്ക് എല്ലാവിധ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.