പോത്തൻകോട് : സംസ്ഥാന സര്‍ക്കാരിന്റെ ഭിന്നശേഷി സൗഹൃദ സംസ്ഥാനത്തിന് മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്റര്‍ ഉദാത്തമായ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, തിരുവനന്തപുരം നഗരസഭ എന്നിവരുടെ സഹകരണത്തോടെ ലോകത്താദ്യമായി ഭിന്നശേഷിക്കുട്ടികളുടെ കലാവതരണത്തിനായി ഒരുക്കിയ ഡിഫറന്റ് ആര്‍ട് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കുട്ടികളെ പരിപാലിക്കേണ്ടതിന്റെ ശാസ്ത്രീയ വശങ്ങള്‍ പ്രതിപാദിക്കുന്നതിനായി വിമാനത്തിന്റെ മാതൃകയില്‍ തയ്യാറാക്കിയിരിക്കുന്ന ഡിഫറന്റ് തോട്ട് സെന്ററിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഡിഫറന്റ് തോട്ട് സെന്ററിന്റെ പ്രത്യേക പാസ്‌പോര്‍ട്ട് സീല്‍ ചെയ്ത് ബോര്‍ഡിംഗ് പാസ് സഹിതം പി.ശ്രീരാമകൃഷ്ണന്‍ വിമാനത്തിലെ ആദ്യയാത്രികനായ മുഖ്യമന്ത്രിക്ക് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.ഭിന്നശേഷിക്കുട്ടികളുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ കാഴ്ചവയ്ക്കുവാന്‍ ദൃശ്യവൈവിധ്യങ്ങളോടെ 7 വേദികളാണ് ഒരുക്കിയിരിക്കുന്നത്. സംഗീതത്തിന് ബീഥോവന്‍ ബംഗ്ലാവ്, നൃത്തത്തിന് ജലിയോ മഹല്‍, ചിത്രകലയ്ക്ക് ആഞ്ചലോസ് ആര്‍ട്രീ ആന്റ് ആര്‍ക്കേഡ്, അഭിനയത്തിന് ഇന്ത്യാ ഫോര്‍ട്ട്, തത്സമയ സിനിമ നിര്‍മാണത്തിന് കാമെല്ലെ കാസ്‌കേഡ്, ഉപകരണസംഗീതത്തിന് വണ്ടര്‍ വിംഗ്‌സ്.. എന്നിങ്ങനെയാണ് വേദികള്‍. ഇതിനു പുറമെ ഡിഫറന്റ് തോട്ട്‌സ് സെന്റര്‍ എന്ന കൗണ്‍സലിംഗ് സെന്ററും ഒരുക്കിയിട്ടുണ്ട്. ഹോര്‍ട്ടി കള്‍ച്ചര്‍ തെറാപ്പി എന്ന നിലയില്‍ ഔഷധ സസ്യങ്ങളുടെ സാന്നിദ്ധ്യം നിറച്ച് ഇവിടെ ഔഷധത്തോട്ടവും നിര്‍മിച്ചിട്ടുണ്ട്. വേദികളില്‍ ഇന്ന് (വെള്ളി) മുതല്‍ പൊതുജനങ്ങള്‍ക്ക് കുട്ടികളുടെ കലാപരിപാടികള്‍ ആസ്വദിക്കുവാന്‍ കഴിയും. പരിശീലനം നടത്തുന്ന 100 കുട്ടികള്‍ക്കും എല്ലാ മാസവും 5000 രൂപവീതം സ്റ്റൈഫന്റ് നല്‍കും.