തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ ഞെട്ടി വിറച്ചു നിൽക്കുന്ന കേരളത്തിൽ ഇന്ന് ബലിപെരുന്നാളിന്റെ പുഞ്ചിരി.എന്നാൽ മലബാറിലെ ഭൂരിഭാഗം പേർക്കും ഇത്തവണത്തെ പെരുന്നാൾ ക്യാമ്പുകളിലാണ്. ശേഷിക്കുന്നവർക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും.ആഘോഷങ്ങളുടേതല്ല, അതിജീവനത്തിന്‍റേതാണ് ഈ പെരുന്നാള്‍. സാധാരണ പുതുവസ്ത്രങ്ങളണിഞ്ഞ് പെരുന്നാളിനെ വരവേല്‍ക്കുന്ന വിശ്വാസികള്‍ ഇത്തവണ മഴക്കെടുതിയില്‍ ദുരിതത്തിലായവര്‍ക്ക് വസ്ത്രങ്ങളെത്തിക്കാനുള്ള ശ്രമത്തിലാണ്. പ്രളയം ബാധിക്കാത്തിടത്തുള്ള പള്ളികളിൽ ഒത്ത്ചേർന്ന് ദുരന്തത്തിന് ഇരയായവർക്ക് വേണ്ടി പ്രാർത്ഥിക്കാനാണ് ഇത്തവണ പെരുന്നാൾ ദിനം. ഒപ്പം പ്രളയദുരിതം നേരിടുന്നവർക്ക് പരമാവധി സഹായമെത്തിക്കാനും. ക്യാമ്പുകളിൽ കഴിയുന്നവർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടത്തുമെന്നാണ് വിവിധ പള്ളികളിൽ നിന്നും അറിയിച്ചത്. മാത്രമല്ല വസ്ത്രങ്ങളും ഭക്ഷണങ്ങളും ക്യാമ്പുകളിൽ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.