ആറ്റിങ്ങൽ : വർക്കലയിലും പരിസരങ്ങളിലും വിൽക്കാനായി കൊണ്ടുവന്ന നാല് കിലോഗ്രാം കഞ്ചാവുമായി ആൻഡമാൻ സ്വദേശി ആറ്റിങ്ങൽ എക്സൈസിന്റെ പിടിയിലായി. പോർട്ട് ബ്ലെയർ സ്വദേശിയായ ഗ്യാനമുത്തു (33)വാണ് ആറ്റിങ്ങൽ എക്സൈസിന്റെയും എക്സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സംയുക്ത ഓപ്പറേഷനിൽ പിടിയിലായത്. ഇയാൾ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകൾ സംസാരിക്കും. പെരുമാതുറ, അഞ്ചുതെങ്ങ് തീരപ്രദേശങ്ങൾ, വർക്കല ബീച്ച് പരിസരങ്ങൾ എന്നിവിടങ്ങളിൽ വില്പന നടത്തുന്നതിനായി ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗം വൻതോതിലാണ് കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നത്. തീരപ്രദേശങ്ങൾ, വിനോദ സഞ്ചാര മേഖലകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായ ലഹരി വില്പനയും ഉപയോഗവും നടക്കുന്നതായുള്ള എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കടയ്ക്കാവൂർ, വർക്കല റെയിൽവേസ്റ്റേഷൻ പരിസരങ്ങൾ എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു. ട്രെയിൻ മാർഗം കടയ്ക്കാവൂരിലെത്തിയ ഇയാളെ കഞ്ചാവ് വാങ്ങാനെന്ന രീതിയിൽ സമീപിച്ച് തന്ത്രപൂർവം പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. രാജേഷിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർമാരായ ആദർശ്, മോഹൻകുമാർ, ഇന്റലിജൻസ് യൂണിറ്റ് പ്രിവന്റീവ് ഓഫീസർമാരായ സജി, സന്തോഷ് കുമാർ, സുധീഷ് കൃഷ്ണ, ഷാജി, ഷാജു സിവിൽ എക്സൈസ് ഓഫീസർ ഷിബു, എക്സൈസ് ഡ്രൈവർ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.