തിരുവനന്തപുരം : ഇന്ന് അഷ്ടമിരോഹിണി, ശ്രീകൃഷ്ണന്റെ ജന്മദിനം. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന ദിവസമാണിന്ന്. ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾക്കായി ക്ഷേത്രങ്ങൾ ഒരുങ്ങി. പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. കൃഷ്ണക്ഷേത്രങ്ങൾ ദീപാലങ്കാരത്തിലും ഭക്തിഘോഷങ്ങളിലും നിറഞ്ഞിരിക്കുകയാണ് . ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശോഭായാത്രകളും സാംസ്‌കാരിക സമ്മേളനങ്ങളും ഇന്ന് നാടെങ്ങും നടക്കും. ശോഭയാത്രകളിൽ ദ്വാപരയുഗ സ്മരണകളുണർത്തുന്ന നിശ്ചലദൃശ്യങ്ങളും, ശ്രീകൃഷ്ണ ഗോപികാ വേഷങ്ങളും അണിനിരക്കും. പുല്ലാങ്കുഴൽ നാദങ്ങൾ തെരുവുകളിൽ സംഗീത മഴയായി മാറും.കൃഷ്ണന്റെയും രാധയുടെയും കംസന്റെയും വേഷമണിഞ്ഞ കുരുന്നുകൾ ഇന്ന് വീഥികളെ അമ്പാടിയാക്കും. മിക്കയിടങ്ങളിലും ഉറിയടിയുമുണ്ടാകും. വിവിധ ശോഭായാത്രകൾ സംഗമിച്ച് നഗരത്തിൽ മഹാശോഭായാത്രയായി മാറും. ഗുരുവായൂർ, അമ്പലപ്പുഴ തുടങ്ങിയ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ശ്രീപദ്‌മനാഭ സ്വാമിക്ഷേത്രം, നെയ്യാറ്റിൻകര, മലയിൻകീഴ് ശ്രീകൃഷ്ണക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ നടക്കും.ബാലഗോകുലത്തിന്റെ ശോഭായാത്രകൾ മ്യൂസിയം, മസ്കറ്റ് ഹോട്ടൽ, എൽ.എം.എസ്, റിസർവ് ബാങ്കിന് മുൻവശം, പ്രസ് ക്ലബ്, ജനറൽ ഹോസ്പിറ്റൽ, ഗോവിന്ദൻസ് ആശുപതിക്ക് മുൻവശം എന്നിവിടങ്ങളിൽ നിന്നും വൈകിട്ട് 3.30 ന് ആരംഭിക്കുന്ന ഉപഘോഷയാത്രകൾ പാളയത്ത് സംഗമിക്കും. സംഗമ ഘോഷയാത്ര ടി.പി.സെൻകുമാർ ഉദ്‌ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ. ഉണ്ണികൃഷ്ണൻ ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകും. സംഗമഘോഷയാത്ര കിഴക്കേകോട്ട അമ്പാടിയിൽ സമാപിക്കും. നിശ്ചല ദൃശ്യങ്ങൾ, ഭജന സംഘങ്ങൾ, പുരാണ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ കുട്ടികൾ എന്നിവർ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും.