തിരുവനന്തപുരം: ശംഖുംമുഖം ബീച്ചിൽ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാർഡ് ജോൺസൺ ഗബ്രിയേലിന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. ഇന്നലെ കോസ്റ്റൽ പൊലീസിന്റെയും ഫിഷറീസ് വകുപ്പിന്റെയും ഓരോ ബോട്ട് വീതവും ലൈഫ് ഗാർഡുമാർ സ്വന്തം നിലയിൽ ഏർപ്പെടുത്തിയ രണ്ട് ബോട്ടുകളും ഇന്നലെ തെരച്ചിൽ നടത്തി. കടലിൽ ചാടിയ മൂന്നാർ സ്വദേശിയും നഗരത്തിലെ സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരിയുമായ 22കാരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മാനസികാവസ്ഥ കണക്കിലെടുത്ത് ആത്മഹത്യാശ്രമത്തിന് കേസെടുക്കണോ വേണ്ടയോയെന്ന കാര്യം തീരുമാനിക്കുമെന്ന് ശംഖുംമുഖം അസി. കമ്മിഷണർ എസ്. ഇളങ്കോ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയാണ് ബീച്ചിലെത്തിയ യുവതി ആളുകൾ നോക്കിനിൽക്കേ കടലിൽ ചാടിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ജോൺസണും കൂടെയുണ്ടായിരുന്ന മറ്റ് അഞ്ച് ലൈഫ് ഗാർഡുകളും കടലിലേക്ക് ചാടി യുവതിയെ രക്ഷിക്കുകയായിരുന്നു. കരയിൽ നിന്ന മറ്റ് ലൈഫ് ഗാർഡുകൾ ജോൺസനെ കരയിലേക്ക് വലിച്ചുകയറ്റുന്നതിനിടെയാണ് ശക്തമായ തിരയടിയുണ്ടായത്. തിരയിൽപ്പെട്ട് വെള്ളത്തിലേക്ക് വീണ ജോൺസൺ കരിങ്കല്ലിൽ തലയടിച്ചതിനെത്തുടർന്ന് ബോധരഹിതനാവുകയായിരുന്നു. ഇയാളെ രക്ഷപ്പെടുത്താൻ കൂടെയുള്ളവർ ശ്രമിക്കുന്നതിനിടെ വീണ്ടും തിരയടിയുണ്ടാവുകയും ജോൺസൺ കടലിലേക്ക് വീഴുകയുമായിരുന്നു. വൈകിട്ടോടെ തെരച്ചിൽ ആരംഭിച്ചു. കണ്ണാന്തുറ രാജീവ് നഗർ സ്വദേശി ജോൺസൺ 2007ലാണ് ലൈഫ് ഗാർഡായി ജോലിയിൽ പ്രവേശിച്ചത്. ഒഴിവുസമയങ്ങളിൽ ആട്ടോറിക്ഷ ഓടിച്ചാണ് ജോൺസൺ കുടുംബം പുലർത്തിയിരുന്നത്. ശാലിനിയാണ് ഭാര്യ. ആതിര ജോൺ, അബി ജോൺ എന്നിവരാണ് മക്കൾ.