നെടുമങ്ങാട്: ബസ് സ്റ്റോപ്പിനും വഴിയാത്രികർക്കും ഭീഷണിയായ മരക്കൊമ്പുകൾ നീക്കം ചെയ്യാനുള്ള നടപടികൾ അധികൃതർ പൂഴ്ത്തിയെന്ന് പരാതി. തിരക്കേറിയ വഴയില – നെടുമങ്ങാട് റോഡിലെ ആറാംകല്ലിൽ തണൽ മരങ്ങളുടെ ശിഖരങ്ങളാണ് അപായഭീതി പരത്തുന്നത്. പത്തിലേറെ മരങ്ങൾ ഈ ഭാഗത്ത് റോഡിലേയ്ക്ക് ചായ്ഞ്ഞു നിൽപ്പാണ്. കാറ്റിലും മഴയിലും മരച്ചില്ലകൾ ഒടിഞ്ഞു വീഴുന്നത് പതിവാണ്. ഇരുചക്രവാഹന യാത്രക്കാരും ബസ് സ്റ്റോപ്പിൽ നിൽക്കുന്നവരും ഭയപ്പാടോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. ചില്ലകൾ ”വകഞ്ഞു മാറ്റിയാണ്”” വലിയ വാഹനങ്ങളുടെ സഞ്ചാരം. കെ.എസ്.ആർ.ടി.സി ബസുകൾ കടന്നുപോകുമ്പോൾ ചില്ലകൾ റോഡിൽ ഒടിഞ്ഞു വീഴാറുണ്ട്. ബസ് സ്റ്റോപ്പുകൾക്ക് പുറമെ, ചുമട്ടുതൊഴിലാളികളുടെ വിശ്രമസ്ഥലവും ഓട്ടോറിക്ഷ, ഗുഡ്‌സ് ഓട്ടോ മുതലായ വാഹനങ്ങളുടെ പാർക്കിംഗും മരങ്ങളുടെ കീഴെയാണ്. അപകടം വിതയ്ക്കുന്ന നിലയിൽ ചായ്ഞ്ഞു നിൽക്കുന്ന ശിഖരങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഏറെനാളായി രംഗത്തുണ്ട്.