നാഗ്പുര്‍: വിജയത്തോടെ ബംഗ്ലാദേശ് പരമ്ബര സ്വന്തമാക്കുമോയെന്ന് ഇന്ത്യന്‍ ആരാധകര്‍ സംശയിച്ച നിമിഷമുണ്ടായിരുന്നു. എന്നാല്‍ തുടരെ വീണ രണ്ട് വിക്കറ്റുകളുടെ ആഘാതത്തില്‍ ബംഗ്ലാദേശ് മധ്യനിര കളിമറന്നപ്പോള്‍ ഇന്ത്യക്ക് 30 റണ്‍സിന്‍റെ ജയം. പരമ്ബരയും 2-1ന് സ്വന്തം. 12.5 ഓവറില്‍ 110ന് രണ്ട് എന്ന ശക്തമായ നിലയില്‍ നിന്നും 19.2 ഓവറില്‍ 144ന് ഓള്‍ ഔട്ട് എന്ന നിലയിലേക്ക് ബംഗ്ലാദേശ് പതിക്കുകയായിരുന്നു. ഹാട്രിക്കോടെ ആറ് വിക്കറ്റുകള്‍ വീഴ്ത്തി ദീപക് ചാഹര്‍ ബംഗ്ലാദേശിനെ തുരത്തുന്നതില്‍ മുന്നില്‍ നിന്നു.
മുഹമ്മദ് നയീം (81), മുഹമ്മദ് മിധുന്‍ (27), എന്നിവര്‍ പൊരുതിയെങ്കിലും ഇരുവരുടെയും വിക്കറ്റോടെ ബംഗ്ലാദേശിന്‍റെ കഥ കഴിഞ്ഞു. ഒന്ന് പൊരുതാന്‍ പോലും ശേഷിയില്ലാതെ പിന്നാലെ വന്നവര്‍ കീഴടങ്ങിയപ്പോള്‍ നാല് പന്തുകള്‍ ശേഷിക്കേ കളി അവസാനിച്ചു. ദീപക് ചാഹര്‍ 3.2 ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ആറ് വിക്കറ്റ് നേടിയത്. ട്വന്‍റി20യില്‍ ഇന്ത്യക്കാരന്‍റെ ആദ്യ ഹാട്രിക്കാണിത്.
നേരത്തെ, ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ശ്രേയസ് അയ്യരും കെ.എല്‍. രാഹുലും അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു.27 പന്തില്‍അര്‍ധസെഞ്ച്വറി തികച്ചശ്രേയസിന്‍റെ ഇന്നിങ്സ് (33 പന്തില്‍ 62)അവസാന ഓവറുകളില്‍ ഇന്ത്യന്‍റണ്‍നിരക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി. കെ.എല്‍. രാഹുല്‍ 52 റണ്‍സെടുത്തു.ശിഖര്‍ ധവാന്‍(19),ക്യാപ്റ്റന്‍ രോഹിത് ശര്‍മ (രണ്ട്), റിഷഭ് പന്ത് (ആറ്), മനീഷ് പാണ്ഡേ (22), ശിവം ദുബെ (9) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ സംഭാവന. ഷഫീയുല്‍ ഇസ്ലാം, സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ്വീതം വീഴ്ത്തി.