റിയാദ്: രാജ്യത്തെ പ്രഥമ വനിതാ ഫുട്ബോൾ ടീം നിലവിൽ വന്നു. കലാ കായിക സ്പോർട്സ് രംഗത്തെ പ്രമുഖരുടെയും അന്താരാഷ്ട്ര മീഡിയ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സൗദി സ്പോർട്സ് ഫെഡറേഷൻ ചെയർമാൻ പ്രിൻസ് ഖാലിദ് ബിൻ വലീദ് ആണ് വനിതാ ഫുട്ബോൾ ടീം പ്രഖ്യാപനം നടത്തിയത്.
സൗദി സ്പോർട്സ് കൗൺസിൽ പൂർണ്ണമായും ധനസഹായം നൽകുന്ന ആദ്യ സീസൺ മത്സരങ്ങൾ 17 വയസ്സിനു മുകളിലുള്ള വനിതകൾക്കായി റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നടത്തപ്പെടും.
സെമി ഫൈനൽ ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് ടീമുകൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ ഓരോ നഗരങ്ങളിലും വനിതാ ഫുട്ബോൾ മത്സരങ്ങൾ നടത്തപ്പെടും. അവസാന മത്സരത്തിൽ വിജയികൾക്ക് ചാമ്പ്യൻഷിപ്പ് കപ്പ് വിതരണം ചെയ്യും. അഞ്ച് ലക്ഷം സൗദി റിയാലിന്റെ സമ്മാനമാണ് സൗദി സ്പോർട്സ് യൂണിയൻ അനുവദിക്കുക.
‘സൗദി രാജാവ് കിംഗ് സൽമാൻ, കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ, സ്പോർട്ട്സ് ജനറൽ അതോറിറ്റി ചെയർമാൻ പ്രിൻസ് അബ്ദുൽ അസീസ് തുർക്കി എന്നിവരുടെ അറ്റമില്ലാത്ത പിന്തുണയും സഹകരണവും നിങ്ങൾക്കുണ്ടാവു”മെന്ന് സൗദി സ്പോർട്സ് യൂണിയൻ ചെയർമാൻ പ്രിൻസ് ഖാലിദ് ബിൻ വലീദ് വ്യക്തമാക്കി.