ആറ്റിങ്ങൽ: പട്ടണത്തിലെ അഥിതി സംസ്ഥാന കുടുംബങ്ങൾക്ക് കൈത്താങ്ങായ് ആറ്റിങ്ങൽ നഗരസഭ.
സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടർന്ന് ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ താമസിക്കുന്ന അഥിതി സംസ്ഥാന തൊഴിലാളികൾക്ക് പച്ചക്കറിയും,ഗ്രോസറി ഉത്പന്നങ്ങളുമാണ് നഗരസഭയുടെ നേതൃത്വത്തിൽ ലഭ്യമാക്കുന്നത്. സർക്കാരിന്റെ നിർദ്ദേശപ്രകാരം ലേബർ ഓഫീസറും തഹൽസീദാറും നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തിയ തൊഴിലാളി കുടുംബങ്ങൾക്കാണ് ഈ സേവനം ലഭിക്കുക. ഒരാൾക്ക് ഒരു ദിവസം 60 രൂപയെന്ന നിരക്കിലാണ് തുക നഗരസഭയിൽ നിന്നനുവദിക്കുന്നത്. തൊഴിലാളികൾ ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാനായി നഗരസഭ ഒരാൾക്ക് 7 ദിവസത്തേക്കുള്ള ഭക്ഷ്യസാധനങ്ങൾക്കുള്ള ടോക്കൺ നൽകുകയും ഇവർക്ക് നഗരസഭ നേരിട്ട് കരാറടിസ്ഥാനത്തിൽ നിർദ്ദേശിച്ചിട്ടുള്ള കടകളിൽ നിന്ന് ടോക്കൺ നൽകി സാധനം കൈപ്പറ്റാവുന്നതുമാണ്. കടയുടമക്ക് നഗരസഭ നേരിട്ട് ടോക്കണിൽ കാണിച്ചിട്ടുള്ള തുക നൽകുന്നതുമാണ്. കൂടാതെ ഇവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി ആഴ്ച്ചയിൽ മെഡിക്കൽ ക്യാമ്പുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചെയർമാൻ എം. പ്രദീപ് അറിയിച്ചു.