ശ്രീകാര്യം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മേജര്‍ തൃപ്പാപ്പൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ അധീനതയില്‍ ഉണ്ടായിരുന്നതായി പറയുന്ന 63 സെന്റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈക്കലാക്കുകയും അതിനെതിരെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ നടപടിയെടുക്കാതെ കൈയേറ്റക്കാരെ സഹായിക്കുന്നുവെന്നും ആരോപിച്ച് ബി.ജെ.പി.കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറ്റിപ്ര വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ആര്.എസ്.രാജീവ് ഉദ്ഘാടനം ചെയ്തു.
ആറ്റിപ്ര ചെങ്കൊടികാടില് ക്ഷേത്രത്തിന്റെ അധീനതയില്‍ ഉണ്ടായിരുന്ന ഭൂമി രാജഭരണകാലം മുതല്‍ ക്ഷേത്രത്തിലെ പള്ളിവേട്ട സമയത്ത് ചൂട്ടുകറ്റ വെളിച്ചം കാട്ടുന്ന ആചാരവുമായി ബന്ധപ്പെട്ട ദളിത് കുടുംബത്തിന് താമസിക്കാനായി ഈ സ്ഥലം വിട്ടുനല്‍കിയിരുന്നു. കഴിഞ്ഞ നാല് തലമുറകളായി ആറോളം ദളിത് കുടുംബങ്ങളാണ് അവിടെ താമസിച്ചുപോരുന്നത്. ഇവരെ കുടിയിറക്കിയാണ് ദേവസ്വം സ്ഥലം കൈക്കലാക്കിയതെന്നാണ് ആരോപണം. ഏരിയാ നേതാക്കളായ ജി.സുശീലന്,അജിത്ത്, മോഹനന്, മധുസൂദനന്, പ്രതാപന്,ദയാനന്ദന്, ശ്രീന, എന്നിവര്‍ നേതൃത്വം നല്കി.
ആറ്റിപ്ര ഏരിയാ പ്രസിഡന്റ് സുരേഷിന്റെ അദ്ധ്യക്ഷതയില്‍ ബി.ജെ.പി ജില്ലാ സെക്രട്ടറിമാരായ സുനിചന്ദ്രന്‍, സജിത്ത്കുമാര്‍, മണ്ഡലം ഭാരവാഹികളായ ശ്രീകാര്യം സന്തോഷ്, കഴക്കൂട്ടം ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.