തിരുവനന്തപുരം : ജീവിതത്തെക്കുറിച്ച് അവൾ കണ്ട സ്വപ്നങ്ങൾക്ക് നിറം നൽകാൻ അവൾക്ക് ജയിക്കണമായിരുന്നു.അത് കൊണ്ട് തന്നെയാണ് തന്റെ ഇരു കാലുകൾക്ക് മുകളിലൂടെ ബസ്സിന്റെ ചക്രങ്ങൾ കയറി ഇറങ്ങിയിട്ടും ആ വേദനകൾക്ക് മുൻപിൽ തോറ്റു കൊടുക്കാൻ അവൾ തയ്യാറാവാഞ്ഞത്.ചികിത്സയും ആശുപത്രി വാസവുമായി ദിവസങ്ങൾ കടന്ന് പോകുമ്പോഴും വസീല തന്റെ പാഠ പുസ്തകങ്ങൾ വിടാതെ മുറുകെ പിടിച്ചു.ഒടുവിൽ എസ്എസ്എൽസി റിസൾട്ട് വന്നപ്പോൾ ഒരുപാട് വേദനകൾ അനുഭവിച്ച ദിവസങ്ങളെ മറക്കാൻ മധുരമേറെയുള്ള ഒരു ജയം. മുഴുവൻ വിഷയത്തിലും എപ്ലസ്.വേദനകൾക്ക് മുമ്പിൽ തളരാതെ പൊരുതിയ വസീലയെ മേയർ കെ.ശ്രീകുമാർ വീട്ടിൽ ചെന്ന് നഗരസഭയുടെ ആദരവ് അറിയിച്ചു.നടക്കാൻ കഴിയാത്തത് കൊണ്ട് പരീക്ഷാ സമയത്ത് വല്യാപ്പ വാരിയെടുത്ത് വസീലയെ പരീക്ഷ ഹാളിലെത്തിച്ചത് വാർത്തയായിരുന്നു.കോട്ടൺ ഹിൽ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന വസീല സ്‌കൂളിൽ നിന്ന് കഴിഞ്ഞ ഡിസംബറിൽ വീട്ടിലേക്ക് പോവനൊരുങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.താൻ ഒന്ന് വീണ് പോയപ്പോൾ തന്നെ ചേർത്തുപ്പിടിച്ച് വിജയ വഴിയിലേക്കെത്തിച്ച കോട്ടൺഹിൽ സ്‌കൂളിലെ അധ്യാപകരോട് വലിയ നന്ദിയാണ് വസീലക്ക് പറയാനുള്ളത്.കൊച്ചുവേളി കരീം മൻസിലിൽ ആർട്ടിസ്റ്റ് ഷെരീഫിന്റെയും ഷംലയുടെയും മകളാണ് വസീല.ഫാത്തിമയും ഷാനിഫയും സഹോദരിമാരാണ്.
വസീലയുടെ വിജയമറിഞ്ഞ് അഭിനന്ദനമറിയിക്കാൻ ഗവർണ്ണർ രാജ് ഭവനിലേക്ക് ക്ഷണിച്ചതിന്റെ സന്തോഷത്തിലും കൂടിയാണ് ഇപ്പോൾ വസീലയുടെ കുടുംബം.തന്റെ വിജയ വാർത്തയറിഞ്ഞ് കോവിഡ് തിരക്കുകൾക്കിടയിലും തന്നെ കാണാനെത്തിയ മേയറോടും വസീല പ്രത്യേകം നന്ദി പറഞ്ഞു.
Flash
എ.ആര്‍. ക്യാമ്പിലെ നഗരൂർ സ്വദേശിയായ പൊലീസുകാരന് കോവിഡ്, തലസ്ഥാനത്ത് കടുത്ത ജാഗ്രത