ലണ്ടന്‍: ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന്റെ മുന്‍ മേധാവി ബെര്‍ണി എക്ലസ്‌റ്റോണ്‍ 89ാം വയസില്‍ പിതാവായി. ബെര്‍ണിയുടെ നാല്‍പത്തിനാലുകാരിയായ മൂന്നാമത്തെ ഭാര്യ ഫാബിയാന ഫ്‌ളോസി കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കി.
ആദ്യത്തെ രണ്ട് വിവാഹങ്ങളിലാണ് മൂന്ന് പെണ്‍മക്കളാണ് ബെര്‍ണിക്കുള്ളത്. അതില്‍ മൂത്ത മകളുടെ പ്രായം 65 വയസ്. മുപ്പത്താറുകാരിയായ ടമാര, മുപ്പത്തൊന്നുകാരി പെട്ര എന്നിവരാണ് ബെര്‍ണിയുടെ മറ്റ് മക്കള്‍.
മൂന്ന് പെണ്‍മക്കളിലുമായി അഞ്ച് കൊച്ചുമക്കളും ബെര്‍ണിക്കുണ്ട്. കഴിഞ്ഞ ദിവസം കൊച്ചുമക്കളില്‍ ഒരാള്‍ക്കും കുഞ്ഞ് ജനിച്ചതോടെ നാല് തലമുറകളാണ് ഇവിടെയുണ്ടായത്.
2012ലാണ് ഫാബിയാന ഫ്‌ളോസി ബെര്‍ണിയുടെ ജീവിത സഖിയായത്. ഫ്‌ളോസിയുടെ മാതാവിനെ ബ്രസീലില്‍ വെച്ച് 2016ല്‍ അക്രമികള്‍ തട്ടിക്കൊണ്ട് പോവുകയും വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്നും കാറോട്ട മത്സര രംഗത്തെ വന്‍ശക്തിയാണ് ബെര്‍ണി എന്നാണ് വിലയിരുത്തപ്പെടുന്നത്.
40 വര്‍ഷത്തോളം ഫോര്‍മുല വണ്‍ തലവനായി തുടര്‍ന്ന ബെര്‍ണിയെ 2017ലാണ് പുറത്താക്കുന്നത്. അടുത്തിടെ വംശീയ വിദ്വേഷത്തിന്റെ പേരില്‍ ബെര്‍ണി നടത്തിയ പ്രതികരണം വിവാദമായിരുന്നു. ഞാന്‍ വെളുത്തത് എന്റെ തെറ്റല്ല എന്നായിരുന്നു ബെര്‍ണിയുടെ വാക്കുകള്‍.