കൊളംബോ : 2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണത്തിന്‍മേലുള്ള അന്വേഷണം ശ്രീലങ്കന്‍ പൊലീസ് അവസാനിപ്പിച്ചു. കേസില്‍ കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധന, അരവിന്ദ ഡി സില്‍വ എന്നീ മുന്‍ ശ്രീലങ്കന്‍ താരങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ആരോപണം ശരിവയ്ക്കുന്ന തെളിവുകളുടെ അഭാവത്തില്‍ കേസ് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.
ഇന്ത്യയും ശ്രീലങ്കയുമായിരുന്നു 2011 ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയത്. ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ അന്ന് ലോകകപ്പ് സ്വന്തമാക്കുകയും ചെയ്തു. ശ്രീലങ്കയുടെ മുന്‍കായികമന്ത്രി മഹിന്ദാനന്ദ അലുത്‌ഗാമേയാണ് 2011 ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന് ആരോപിച്ചിരുന്നത്. അന്നത്തെ ശ്രീലങ്കയുടെ കായികമന്ത്രിയായിരുന്നു അലുത്‌ഗാമേ. ഇന്ത്യയ്‌ക്കു മുന്‍പില്‍ ശ്രീലങ്ക മനഃപൂര്‍വം അടിയറവു പറയുകയായിരുന്നു എന്നാണ് മുന്‍ കായികമന്ത്രി ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചത്. ചില കേന്ദ്രങ്ങള്‍ ഇതില്‍ ഇടപെട്ടിട്ടുണ്ട് എന്നും അലുത്‌ഗാമേ ആരോപിച്ചിരുന്നു.
ആരോപണത്തെത്തുടര്‍ന്നാണ് ശ്രീലങ്കന്‍ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. ആലുത്ഗാമെ ഉന്നയിച്ച ആരോപണങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. നേരത്തെ, സംഗക്കാരയെയും ഡി സില്‍വയെയും യഥാക്രമം ആറ് മണിക്കൂറിലധികവും 10 മണിക്കൂറിലധികവും പോലീസ് ചോദ്യം ചെയ്തിരുന്നു.
കായിക മന്ത്രാലയം സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് കായിക മന്ത്രാലയ സെക്രട്ടറിക്ക് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. ആഭ്യന്തര ചര്‍ച്ചയ്ക്കൊടുവിലാണ് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള പോലീസ് സൂപ്രണ്ട് ജഗത് ഫോണ്‍സെക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കളിക്കാരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതിന്റെ കാരണമൊന്നും ഞങ്ങള്‍ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫൈനലില്‍ പെട്ടെന്നുള്ള ടീം മാറ്റത്തിനുള്ള കാരണങ്ങള്‍ മൊഴി നല്‍കിയ മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ വേണ്ടത്ര വിശദീകരിച്ചിട്ടുണ്ടെന്ന് ഫോണ്‍സെക പറഞ്ഞു.ഒത്തുകളിയുടെ ഭാഗമായാണ് ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ ശ്രീലങ്ക ടീം മാറ്റിയതെന്നായിരുന്നു ആലുത്ഗാമേ ഉന്നയിച്ച ആരോപണങ്ങളിലൊന്ന്.
അലുത്‌ഗാമേയുടെ വാദങ്ങളെ ജയവര്‍ധനെയും സംഘക്കാരയും നേരത്തേ ചോദ്യം ചെയ്തിരുന്നു. ലോകകപ്പില്‍ ഒത്തുകളി നടന്നതായി ആരോപിച്ച മുന്‍ കായിക മന്ത്രിയോട് അതിനുള്ള തെളിവുകള്‍ ഹാജരാക്കണമെന്നായിരുന്നു ജയവര്‍ധനെയും സംഘക്കാരയും ആവശ്യപ്പെട്ടത്. 2011 ലോകകപ്പിന്റെ സമയത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം നായകനായിരുന്നു സംഘക്കാര. ഫൈനലില്‍ ഇന്ത്യക്കെതിരേ 103 റണ്‍സ് നേടിയിരുന്നു ജയവര്‍ധനെ.
2011 ലോകകപ്പ് ഫൈനലില്‍ മുമ്ബ് 10 പന്തുകള്‍ ബാക്കി നില്‍ക്കേയാണ് ശ്രീലങ്ക ഇന്ത്യയോട് തോറ്റത്. പരിക്കേറ്റ മുത്തയ്യ മുരളീധരനും ഏഞ്ജലോ മാത്യൂസിനും പകരം സൂരജ് റണ്‍ദീവിനെയും ചാമിന്ദ വാസിനെയും കളത്തിലിറക്കുമെന്ന് ഫൈനലിനു മുന്‍പ് ലങ്കന്‍ ടീം അറിയിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ മുരളീധരന്‍ കളിക്കുകയും ഏഞ്ജലോ മാത്യൂസ് പുറത്തുനില്‍ക്കുകയും ചെയ്തു.
ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പത്ത് പന്തുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്‌ടത്തില്‍ വിജയത്തിലെത്തുകയും ചെയ്തു