തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് എന്‍.ഐ.എ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എന്‍.ഐ.എക്ക് അനുമതി നല്‍കിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇതുസംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ എന്‍.ഐ.എ ശേഖരിച്ചിരുന്നു. സി.ബി.ഐ അന്വേഷണത്തിന് ആവശ്യമായ തെളിവുകളോ സാഹചര്യമോ അല്ല ഈ സംഭവത്തിലുള്ളത്. അതിനാലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എക്ക് അന്വേഷണാനുമതി നല്‍കിയത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഏതു കേസിലും എന്‍.ഐ.എക്ക് അന്വേഷണം നടത്താനുള്ള അധികാരമുണ്ട്. സ്വര്‍ണം എവിടെ നിന്നെത്തിച്ചു, എന്തിനാണ് എത്തിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം എന്‍.ഐ.എ അന്വേഷിക്കും.
അതേ സമയം സ്വര്‍ണ്ണക്കടത്ത് കേസ് രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ തകര്‍ക്കുന്നതാണെന്നും എന്നാല്‍ ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കരുതെന്നാഗ്രഹിക്കുന്ന പ്രതിപക്ഷം അതിന് ശരിയായ മാര്‍ഗം സ്വീകരിച്ച് രാഷ്ട്രീയ മത്സരം നടത്തണമെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. അതിനുവേണ്ടി നെറികേടുകള്‍ കാണിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാവനയില്‍ ഒരു കാര്യം കെട്ടിച്ചമച്ച് അതിലൂടെ പുറത്താക്കാമെന്ന് കരുതുന്നുവെങ്കില്‍ അത് സാധിക്കില്ല. കള്ളക്കടത്ത് നടന്നിട്ടുണ്ട്. പ്രതികള പിടിക്കേണ്ടതുണ്ട്. അതിന് കേന്ദ്ര ഏജന്‍സികള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.നാടിന്റെ ഭാവിയെ ബാധിക്കുന്ന പ്രശ്‌നം ഇപ്പോഴുണ്ട്. അതാണ് ഇപ്പോള്‍ പരിഗണിക്കേണ്ടത്. കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍ ശക്തികളുണ്ട്. അവരെ കണ്ടെത്തണം. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടത് ഇതിനാണ്. ഈ കാര്യത്തില്‍ ഏതന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. നടപടികള്‍ സ്വീകരിക്കുന്നത് കേന്ദ്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി