തിരുവനന്തപുരം; പൂന്തുറയില്‍ സംഘര്‍ഷം ഉണ്ടായതിനു പിന്നില്‍ വി.എസ് ശിവകുമാറും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കന്മാരും നടത്തുന്ന കള്ള പ്രചാരവേലയാണെന്ന് സിപിഐ എം തിരുവനന്തപുരം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന് പ്രസ്താവനയില്‍ പറഞ്ഞു.
രണ്ടു ദിവസമായി ബോധപൂര്‍വ്വമായ കള്ള പ്രചരണം ആണ് ഇവര്‍ നടത്തുന്നത്. കോവിഡ് രോഗികളുടെ എണ്ണം മന:പ്പൂര്‍വ്വം പെരുപ്പിച്ചു കാണിക്കുന്നു എന്നാണ് വി.എസ് ശിവകുമാറിന്റെ വാദം. ആളുകള്‍ ഏറ്റവും കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ വേണ്ടി ബോധപൂര്‍വം നടത്തുന്ന നീക്കമാണിത്.
ജനങ്ങള്‍ക്കിടയില്‍ രോഗം വ്യാപിച്ചാലും വേണ്ടില്ല തങ്ങളുടെ കുത്സിതമായ രാഷ്ട്രീയ അജണ്ട നടപ്പാക്കുക എന്ന ഹീനമായ പരിശ്രമമാണ് ശിവകുമാറും സംഘവും നടത്തുന്നത്. സോഷ്യല്‍ മീഡിയ വഴി യാതൊരു അടിസ്ഥാനവുമില്ലാത്ത കള്ള പ്രചരണം ആണ് ഇവര്‍ ജനങ്ങള്‍ക്കിടയില്‍ ഇളക്കിവിട്ട് പരിഭ്രാന്തി സൃഷ്ടിക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. നാടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇക്കൂട്ടരുടെ പ്രവൃത്തിയെക്കുറിച്ച് ബന്ധപ്പെട്ടവര്‍ ഗൗരവമായി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നു.