തിരുവനന്തപുരം: ജില്ലയിലെ ചില പ്രദേശങ്ങള്‍ അതീവ ഗുരുതര സാഹചര്യം നേരിടുകയാണെന്നും തീരമേഖലയിലെ പുല്ലുവിള, പൂന്തുറ പ്രദേശങ്ങളില്‍ സാമൂഹ്യവ്യാപനം ഉണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.തീരപ്രദേശങ്ങളില്‍ പൂര്‍ണമായി ശനിയാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ നടപ്പാക്കും. ഇത് ഫലപ്രദമായി നടപ്പാക്കുന്നതിന് തീരമേഖലയെ മൂന്ന് സോണുകളായി തരംതിരിച്ചു. അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോണ്‍. പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെ രണ്ടാമത്തെ സോണും വിഴിഞ്ഞം മുതല്‍ ഊരമ്ബ് വരെ മൂന്നാമത്തെ സോണുമാണ്.
തീരമേഖലയില്‍ അതിവേഗത്തില്‍ രോഗവ്യാപനമുണ്ടാകുകയാണ്. കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 97 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 51 പേര്‍ക്ക് വെള്ളിയാഴ്ച പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 പേര്‍ക്ക് നടത്തിയ ടെസ്റ്റില്‍ 26 എണ്ണം പോസിറ്റീവാണ്. പുതുക്കുറിശ്ശിയില്‍ 75 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 20 എണ്ണം പോസിറ്റീവായി വന്നു. അഞ്ചുതെങ്ങില്‍ 83 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 15 പോസിറ്റീവാണ്. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണങ്ങളാണിത്. ഈ ഗുരുതരസ്ഥിതി നേരിടാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ടുപോവുകയാണ്.
സംസ്ഥാനത്ത് ഗുരുതരമായ രോഗവ്യാപനം നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയില്‍ വെള്ളിയാഴ്ച പോസിറ്റീവായ 246 കേസുകളില്‍ രണ്ടുപേര്‍ മാത്രമാണ് വിദേശങ്ങളില്‍നിന്ന് എത്തിയവര്‍. 237 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്ബര്‍ക്കംമൂലമാണ്. നാല് ആരോഗ്യപ്രവര്‍ത്തകര്‍. മൂന്നുപേരുടെ ഉറവിടം അറിയില്ല. ഇത് അസാധാരണ സാഹചര്യമാണ്.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കി. ഈ സംവിധാനത്തിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ആയിരിക്കും. പ്രത്യേക കണ്‍ട്രോള്‍ റൂം രൂപീകരിക്കും. ആരോഗ്യം, പൊലീസ്, കോര്‍പ്പറേഷന്‍, പഞ്ചായത്തുകള്‍ എന്നിവ സംയുക്തമായാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുക. എല്ലാ വിവരങ്ങളും കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കും.
അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയുള്ള മേഖലയുടെ ചുമതല ട്രാഫിക് സൗത്ത് എസ്പി ബി കൃഷ്ണകുമാറിനും വേളി മുതല്‍ വിഴിഞ്ഞം വരെയുള്ള മേഖലയുടെ ചുമതല വിജിലന്‍സ് എസ്പി കെ ഇ ബൈജുവിനുമാണ്. കാഞ്ഞിരംകുളം മുതല്‍ പൊഴിയൂര്‍ വരെയുള്ള മേഖല പൊലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ കെ എല്‍ ജോണ്‍കുട്ടിയുടെ നിയന്ത്രണത്തിലായിരിക്കും. മൂന്നു മേഖലകളിലേക്കും ഡി വൈ എസ്പിമാരെയും നിയോഗിച്ചിട്ടുണ്ട്. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും ഈ സംവിധാനം നടപ്പാക്കുന്നതിന് വിനിയോഗിക്കും.
ഈ സോണുകളില്‍ ഓരോന്നിലും രണ്ട് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരെ വീതം ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരായി നിയമിച്ചു. സോണ്‍ ഒന്ന്: എസ്. ഹരികിഷോര്‍, യു.വി. ജോസ്. സോണ്‍ രണ്ട്: എം.ജി. രാജമാണിക്യം, പി. ബാലകിരണ്‍. സോണ്‍ 3: എസ്. വെങ്കിടേസപതി, ബിജു പ്രഭാകര്‍. ഇതിനുപുറമെ ആവശ്യം വന്നാല്‍ പി.ഐ. ശ്രീവിദ്യ, ദിവ്യ എസ്. അയ്യര്‍ എന്നിവരുടെയും സേവനം വിനിയോഗിക്കും. ഇതിന് പുറമെ ആരോഗ്യകാര്യങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കും.
തീരമേഖലയില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. മത്സ്യബന്ധനം സംബന്ധിച്ച് നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. അരിയും ഭക്ഷ്യധാന്യവും വിതരണം ചെയ്യുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പ് നടപടി സ്വീകരിക്കും. പൂന്തുറയിലെ പാല്‍ സംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തിക്കും. ജില്ലാ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പ്രത്യേകമായി പ്രഖ്യാപിക്കും.
ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കും. കണ്ടെയിന്‍മെന്‍റ് സോണുകള്‍ ജനങ്ങള്‍ പുറത്തിറങ്ങരുത്. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ യാത്ര അനുവദിക്കൂ. അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുന്നുണ്ട്.
കരിങ്കുളം ഗ്രാമപഞ്ചായത്തില്‍ വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേക്ക് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പുല്ലുവിളയില്‍ സാമൂഹ്യവ്യാപനം ഉണ്ടാവുകയും പഞ്ചായത്തില്‍ 150ലധികം ആക്ടീവ് കോവിഡ് കേസുകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.
കഠിനംകുളം, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളെയും കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പൗഡിക്കോണം, ഞാണ്ടൂര്‍ക്കോണം, കരകുളം ഗ്രാമപഞ്ചായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര എന്നീ വാര്‍ഡുകളെയും കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.