ന്യൂഡെല്‍ഹി: കോവിഡ് രോഗികളില്‍ രോഗം വീണ്ടും വരാമെന്ന് പഠനം. കോവിഡ് രോഗമുക്തി നേടുന്ന മിതമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കോവിഡ് രോഗികളില്‍ കോവിഡ് ആന്റിബോഡികള്‍ വേഗത്തില്‍ ഇല്ലാതാകുമെന്നും അണുബാധയില്‍ നിന്ന് ദീര്‍ഘകാല രോഗപ്രതിരോധശേഷി നല്‍കില്ലെന്നുമാണ് പുതിയ കണ്ടെത്തല്‍.
ആന്റിബോഡികളില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മിതമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് കോവിഡ്-19 രോഗമുക്തി നേടിയ 34 രോഗികളുടെ രക്തത്തില്‍ നിന്ന് ആന്റിബോഡികള്‍ എടുത്താണ് ഗവേഷണം നടത്തിയത്.രോഗലക്ഷണങ്ങള്‍ പ്രകടമായി 37 ദിവസത്തിന് ശേഷം എടുത്ത ആന്റിബോഡികളിലാണ് ആദ്യ വിശകലനം നടത്തിയത്. 86 ദിവസത്തിന് ശേഷമോ, മൂന്നുമാസത്തിന് താഴെയോ എടുത്ത ആന്റിബോഡികളിലാണ് രണ്ടാംഘട്ട വിശലകനം നടന്നത്. ഈ രണ്ടുകാലയളവിനുള്ളില്‍ ആന്റിബോഡിയുടെ അളവ് കുറയുന്നതായി ഗവേഷകര്‍ കണ്ടെത്തി.
സാര്‍സിനേക്കാള്‍ വേഗത്തിലാണ് കോവിഡ് 19 ബാധിക്കുന്നവരില്‍ ആന്റിബോഡികളുടെ നഷ്ടം സംഭവിക്കുന്നത്. അതായത് മിതമായി കോവിഡ് 19 ബാധിച്ച രോഗികളില്‍ ദീര്‍ഘകാല കോവിഡ് ആന്റിബോഡികള്‍ ഉണ്ടാകണമെന്നില്ല. ലോകമെമ്ബാടുമുള്ള കോവിഡ് രോഗികളില്‍ ഭൂരിഭാഗവും മിതരോഗലക്ഷണങ്ങളുള്ളവരായതിനാല്‍ ഇവര്‍ക്ക് വീണ്ടും രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന പുതിയ കണ്ടെത്തല്‍ ആശങ്ക ഉയര്‍ത്തുന്നുഎത്രകാലം അണുബാധയില്‍ നിന്ന് രക്ഷിക്കാനാവും എന്നത് സംബന്ധിച്ച് പരിധി നിശ്ചയിക്കുന്നതിനും 90 ദിവസത്തിനപ്പുറമുളള ആന്റിവൈറല്‍ ആന്റിബോഡികള്‍ കുറയുന്നതുസംബന്ധിച്ചും കൂടുതല്‍ വിശദമായ പഠനം വേണമെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡേവിഡ് ജെഫെന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള എഫ്. ജാവിയര്‍ ഇബറോണ്ടോയുടെ നേതൃത്വത്തിലുള്ള ഗവേഷകര്‍ അറിയിച്ചു.
എന്നാല്‍ കോവിഡ് രോഗബാധിതരായവര്‍ക്ക് അവര്‍ ആന്റിബോഡികള്‍ വികസിപ്പിച്ചാലും ഇല്ലെങ്കിലും കുറഞ്ഞത് ആറുമാസമെങ്കിലും രോഗപ്രതിരോധശേഷി ഉണ്ടാകുമെന്ന് സ്വീഡനിലെ ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു