തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് എന്‍ഐഎ സംഘം ശിവശങ്കറിനെ വിട്ടയച്ചത്. പേരൂര്‍ക്കട ഗസ്റ്റ് ഹൌസിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്തത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായിട്ടുള്ള പ്രതികളുമായി ശിവശങ്കറിനുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ സംഘം ചോദിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. അതേ സമയം ശിവശങ്കറിനൊപ്പം യാത്ര ചെയ്തിരുന്നവരെക്കുറിച്ചുള്ള വിവരങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട്.
പൂജപ്പുരയിലുള്ള ശിവശങ്കറിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് എന്‍ഐഎ ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കിയത്. ഇതിന് പിന്നാലെ തന്നെ ശിവശങ്കര്‍ കാറില്‍ പോലീസ് ക്ലബ്ലിലേക്ക് പോകുകയായിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം സെക്രട്ടറിയേറ്റിലേക്കും നീങ്ങുന്ന സാഹചര്യത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ വിളിപ്പിച്ചിട്ടുള്ളത്. സെക്രട്ടറിയേറ്റില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. രണ്ട് മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ശിവശങ്കറിനെയും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കുന്നത്.
സസ്പെന്‍ഷനിലുള്ള മുന്‍ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റേതുള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് എന്‍ഐഎ ആവശ്യപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിലാണ് ശിവശങ്കറിന്റെ ഓഫീസും സ്ഥിതിചെയ്യുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം നേരത്തെ തിരുവനന്തപുരത്തെത്തി ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു ഒമ്ബത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അന്ന് ശിവശങ്കറിനെ സംഘം വിട്ടയച്ചത്. സ്വപ്നയെയും സരിത്തിനെയും അറിയാമെങ്കിലും സന്ദീപിനെ സ്വപ്നയുടെ സുഹൃത്തെന്ന നിലയില്‍ മാത്രമാണ് അറിയുകയെന്നാണ് ഇദ്ദേഹം കസ്റ്റംസ് അധികൃതരോട് വ്യക്തമാക്കിയിരുന്നു.