തിരുവനന്തപുരം: കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലക്ഷണമില്ലാത്ത രോഗികളെ വീടുകളില്‍ തന്നെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ആദ്യഘട്ടത്തില്‍ കോവിഡ് രോഗികളായ ആരോഗ്യപ്രവര്‍ത്തകരെയാണ് ഇത്തരത്തില്‍ ചികിത്സിക്കുക. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.വീട്ടില്‍ ചികിത്സ നടത്തുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ രേഖാമൂലം അപേക്ഷ നല്‍കണം. രോഗം സ്ഥിരീകരിച്ച് പത്താം ദിവസം ആന്റിജന്‍ പരിശോധന നടത്തും. പരിശോധനയില്‍ നെഗറ്റീവായാലും ഒരാഴ്ച വീട്ടില്‍ ക്വാറന്റൈനില്‍ തുടരണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ തൊട്ടടുത്ത് ചികിത്സാകേന്ദ്രം ഉണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ ലക്ഷണമില്ലാത്തവര്‍ക്കും ഗുരുതരമായ പ്രശ്നങ്ങളില്ലാത്തവര്‍ക്കും വീടുകളില്‍ തന്നെ പരിചരണം നല്‍കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് നിലവിലുള്ള രോഗികളില്‍ 60 ശതമാനത്തിനു മുകളില്‍ രോഗലക്ഷണം പ്രകടിപ്പിക്കാത്തവരാണ്. ഇവരെ വീടുകളില്‍ തന്നെ താമസിപ്പിച്ച് പരിചരിച്ചാല്‍ മതിയെന്ന് വിദഗ്ദ്ധര്‍ ഉപാധികളോടെ നിര്‍ദേശിച്ചിരുന്നു.