തിരുവനന്തപുരം: ശബരിമല ദർശനത്തിന് പൊലീസിന്റെ സൗജന്യ വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ശരംകുത്തി വഴിയുളള പരമ്പരാഗത പാതയിലെ (നോർമൽ ക്യൂ) ബുക്കിംഗ് നവംബർ എട്ടിന് തുടങ്ങും. തിരക്ക് ക്രമീകരിക്കാനും ദർശനം സുഗമമാക്കാനുമാണ് വെർച്വൽ ക്യൂ ബുക്കിംഗ്. ദേവസ്വം സേവനങ്ങൾ ഉൾപ്പെടെ ഇതുവഴി ബുക്ക് ചെയ്യാം.ശബരിമല ഓൺലൈൻ സേവനങ്ങൾക്ക് www.sabarimalaonline.org എന്ന വെബ് പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. അപ്പം, അരവണ, വിഭൂതി, നെയ്യ് തുടങ്ങിയവയും കെ.എസ്.ആർ.ടി.സി ബസ് ടിക്കറ്റും ഈ സംവിധാനം വഴി ബുക്ക് ചെയ്യാം. വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിൽ മരക്കൂട്ടത്തു നിന്ന് ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനം നടപ്പന്തലിൽ എത്തുന്ന തരത്തിലാണ് ക്രമീകരണം. സ്വാമി ക്യൂ ബുക്കിംഗ് എന്ന വിഭാഗത്തിൽ മരക്കൂട്ടത്തു നിന്ന് ശരംകുത്തി വഴി സന്നിധാനം നടപ്പന്തലിൽ എത്തുന്ന പരമ്പതാഗത പാതയിലൂടെ തീർഥാടനം നടത്താം.തീർത്ഥാടകരുടെ പേര്, വയസ്, ഫോട്ടോ, വിലാസം, ഫോട്ടോ ഐഡന്റിറ്റി കാർഡ് നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ പോർട്ടലിൽ നൽകണം. ബുക്ക് ചെയ്യുന്ന എല്ലാ തീർത്ഥാടകരുടെയും വിവരങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തണം. വെബ് പോർട്ടലിൽ നൽകിയിരിക്കുന്ന കലണ്ടറിൽ നിന്ന് ലഭ്യതയനുസരിച്ച് ദർശന ദിവസവും സമയവും തിരഞ്ഞെടുക്കാം. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ബുക്കിംഗ് ആവശ്യമില്ല.അതിനു മുകളിലുള്ള കുട്ടികൾക്ക് ബുക്കിംഗിന് സ്‌കൂൾ ഐഡന്റിറ്റി കാർഡ് ഉപയോഗിക്കാം.ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ഓരോ സേവനത്തിനും പ്രത്യേകം കൂപ്പൺ ലഭിക്കും. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന അപ്പം, അരവണ മുതലായ പ്രസാദങ്ങൾ വിതരണം ചെയ്യാൻ സന്നിധാനത്തിൽ കൗണ്ടർ സൗകര്യം ഏർപ്പെടുത്തും. ബുക്കിംഗ് പൂർത്തിയാക്കിയ ശേഷം ദർശനസമയവും തീയതിയും തീർത്ഥാടകന്റെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളുമടങ്ങിയ വെർച്വൽ ക്യൂ, സ്വാമി ക്യൂ കൂപ്പൺ സേവ് ചെയ്ത് പ്രിന്റ് എടുക്കണം.വെർച്വൽ ക്യൂ കൂപ്പൺ ദർശന ദിവസം പമ്പ ഗണപതി അമ്പലത്തിലെ ആഞ്ജനേയ മണ്ഡപത്തിലെ പൊലീസിന്റെ വെരിഫിക്കേഷൻ കൗണ്ടറിൽ കാണിച്ച് പ്രവേശന കാർഡ് കൈപ്പറ്റണം. തീർത്ഥാടകർ ബുക്കിംഗിന് ഉപയോഗിച്ച ഫോട്ടോ ഐഡന്റി കാർഡ് കൗണ്ടറിൽ കാണിക്കണം. വെർച്വൽ ക്യൂ പ്രവേശന കാർഡ് കൈവശമുള്ളവർക്കു മാത്രമെ പ്രവേശനം അനുവദിക്കൂ. കൂപ്പണിൽ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പയിലെത്തുന്ന തീർത്ഥാടകർക്കു മാത്രമെ വെർച്വൽ ക്യൂ വഴി പ്രവേശനം സാധ്യമാവൂ. ഈ സംവിധാനത്തിന് പ്രത്യേക ഫീസ് ഇല്ല. കൂടുതൽ വിവരങ്ങൾ www.sabarimalaonline.org വെബ്സൈറ്റിൽ. ഫോൺ 70258 00100