ആറ്റിങ്ങൽ: കിഴുവിലം പഞ്ചായത്തിൽ വ്യാപകമായി നിലം നികത്തുന്നുവെന്നാരോപിച്ച് സി.പി.എം പ്രവർത്തകർ ഭൂരേഖ വിഭാഗം തഹസിൽദാർ എ. ഉണ്ണിരാജയെ ഉപരോധിച്ചു. ഇതു സംബന്ധിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും രാത്രികാലങ്ങളിൽ നിലം മണ്ണിട്ടുനികത്തുന്നതിനെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടുമായിരുന്നു സമരം. അംഗൻവാടി നിർമ്മിക്കാനെന്ന് പറഞ്ഞ് പഞ്ചായത്തിന്റെ നേതൃത്വത്തിലും നിലം നികത്തുന്നതായും ആരോപണമുയർന്നിട്ടുണ്ട്. സി.പി.എം ആറ്റിങ്ങൽ ഏരിയാകമ്മിറ്റിയംഗം വേണുഗോപാലൻനായർ, കൂടത്തിൽഗോപിനാഥൻ, ഗിരീഷ്കുമാർ, ബിജുകുമാർ, സുധീർ, സക്കീർ, വി.എസ്.കണ്ണൻ, വിനീത, രാജു എന്നിവർ പങ്കെടുത്തു. വിഷയം പരിശോധിച്ച് നടപടിയെടുക്കാമെന്ന് തഹസിൽദാർ അറിയിച്ചതിനെത്തുടർന്ന് സമരം അവസാനിച്ചു.